ശ്രീന​ഗർ: ജൂൺ 21ന് അന്താരാഷ്ട്ര യോ​ഗ ദിനം ആചരിക്കാനിരിക്കെ, ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസ് യോ​ഗ പരിശീലിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ലഡാക്കിലെ 18,000 അടി ഉയരത്തിലാണ് ബോര്‍ഡര്‍ പൊലീസ് പരിശീലനം നടത്തിയത്. 

മരംകോച്ചുന്ന തണുപ്പിനെ വകവയ്ക്കാതെ സൂര്യനമസ്കാരം ഉള്‍പ്പെടെയുളള വിവിധ യോഗമുറകൾ ചെയ്യുന്ന  പൊലീസുകാരെ വീഡിയോയിൽ കാണാൻ സാധിക്കും. ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഔദ്യോ​ഗിക വേഷത്തിലാണ് സൈനികർ യോ​ഗ നടത്തുന്നത്. ഒപ്പം കഠിനമായ തണുപ്പിനെ ചെറുക്കാന്‍ മേല്‍വസ്ത്രവും ധരിച്ചിട്ടുണ്ട്. 18,000 അടി മുകളില്‍ നിലത്ത് മഞ്ഞിന് മുകളില്‍ ഒരു തുണിവിരിച്ചാണ്  സൈനികരുടെ പ്രകടനങ്ങൾ. എന്തായാലും യോ​ഗയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് സൈനികർക്ക്  അഭിനന്ദനങ്ങളുമായി രം​ഗത്തെത്തിയിരിക്കുന്നത്.