ദില്ലി: വിവാദമായ സിവില്‍ സര്‍വ്വീസ് പരീക്ഷ ചോദ്യത്തിന് കലക്കന്‍ മറുപടിയുമായി രാജിവച്ച മലയാളി ഐഎഎസ് ഉദ്യേഗസ്ഥൻ കണ്ണൻ ഗോപിനാഥ്. ഇന്നലെ നടന്ന സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷയുടെ ചോദ്യപേപ്പറിലായിരുന്നു മതേതരത്വം ആചാരങ്ങളെ എങ്ങനെ ബാധിക്കുമെന്നായിരുന്നു ചോദ്യം. എല്ലാ ആചാരങ്ങളെയും പിന്തുടരുമ്പോഴും പ്രോത്സാഹിപ്പിക്കുമ്പോഴും, ശാസ്ത്രീയ പിന്തുണയില്ലാത്ത ദുരാചാരങ്ങളെയും അനാരോഗ്യകരമായ ആചാരങ്ങളെയും മറികടക്കുന്നതിന് സഹായിക്കുന്ന മഹത്തായ ആശയമാണ് മതേതരത്വമെന്നായിരിക്കും ഉത്തരത്തിന്‍റെ ആദ്യ വാചകം എന്നാണ് കണ്ണന്‍ ഗോപിനാഥിന്‍റെ മറുപടി. 

സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നതിന്‍റെ പിന്നാലെയാണ് കണ്ണന്‍ ഗോപിനാഥിന്‍റെ മറുപടി. ആചാരങ്ങള്‍ക്ക് മതേതരത്വത്തിന്‍റെ പേരില്‍ നേരിടുന്ന വെല്ലുവിളിയെന്താണെന്നാണ് 150 വാക്കില്‍ വിശദമാക്കാനാണ് ചോദ്യ നമ്പര്‍ 10 ആവശ്യപ്പെട്ടത്. സ്ത്രീശാക്തീകരണമാണ് ജനസംഖ്യാ പെരുപ്പം കുറക്കാനുള്ള വഴിയെന്നതിനെക്കുറിച്ച് വിശദമാക്കാനാണ് ചോദ്യ നമ്പര്‍ 9 ആവശ്യപ്പെട്ടത്. 

ഈ ചോദ്യങ്ങളാണോ രാജ്യത്തെ നിര്‍ണായ പദവികള്‍ വഹിക്കാനുള്ള ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പില്‍ ചോദിക്കുന്നതെന്നായിരുന്നു പരക്കെ ഉയര്‍ന്ന വിമര്‍ശനം. മതേതരത്വം പാലിക്കപ്പെടേണ്ട ഒന്നാണെന്നും ആചാരങ്ങളല്ല പ്രധാനമെന്നും നിരവധി ആളുകളാണ് ട്വീറ്റിനോട് പ്രതികരിക്കുന്നത്. 

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് കണ്ണൻ രാജിവച്ചത്. സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതായി കാണിച്ച് ആഗസ്റ്റ് 21-നാണ് കണ്ണന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്. പിന്നീട് രാജ്യത്ത് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ത്തരത്തിൽ മാത്രമേ ശക്തമായി പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നതുമാണ് തന്‍റെ രാജിക്കുള്ള കാരണമെന്ന് കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കിയിരുന്നു.