തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ സ്വപ്നപദ്ധതിയായ കേരള ബാങ്കിന്‍റെ ലോഗോ തിങ്കളാഴ്ച പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള ബാങ്കിന്‍റെ ലോഗോ പ്രകാശനം ചെയ്തത്. കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്ക് എന്ന ആശയത്തില്‍ ഒന്ന് എന്ന് സൂചിപ്പിക്കുന്നതാണ് കേരള ബാങ്കിന്‍റെ ലോഗോ. ഒപ്പം എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ കേരളം നമ്പര്‍.വണ്‍ എന്ന പ്രചാരണത്തിന്‍റെ ഭാഗം കൂടിയാണ് ലോഗോ.

പതിനാല് ജില്ല സഹകരണ ബാങ്കുകളെ സൂചിപ്പിക്കുന്ന കുത്തുകളില്‍ നിന്നും ഒന്ന് എന്നത് ഉയര്‍ന്നു വരുന്നതാണ് ലോഗോ. ഏറ്റവും താഴെയായി കടും ചുവപ്പില്‍ കേരള ബാങ്ക് എന്ന് എഴുതിയിരിക്കുന്നു. ലോഗോ സംസ്ഥാന മന്ത്രിമാര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

അതേ സമയം ലോഗോ പ്രകാശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ഇത് ചര്‍ച്ചയാകുന്നുണ്ട്. ഇടത് അനുകൂല പ്രോഫൈലുകള്‍ പുതിയ ലോഗോയെ തങ്ങളുടെ സ്റ്റാറ്റസും, സ്റ്റോറിയും ഒക്കെയായി മാറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ ലോഗോയിലെ നിറത്തിന്‍റെ പേരില്‍ വിമര്‍ശനം ഉന്നയിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ പ്രതിപക്ഷ അനുഭാവികള്‍.

ലോഗോയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് കോഴിക്കോട് ഡിസിസി സെക്രട്ടറി ടി സിദ്ദിഖ് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു -  കേരള ബാങ്ക്‌ ലോഗോയുടെ നിറം നന്നായിട്ടുണ്ട്‌, അഭിനന്ദനങ്ങൾ😉 ഗുജറാത്തല്ല കേരളം എന്ന് തെളിയിക്കാൻ ലോഗോയ്ക്ക്‌ കഴിയുന്നുണ്ട്‌. ദേശീയ പതാകയിൽ നിന്നും കോൺഗ്രസ്‌ കൊടിയിൽ നിന്നും ആവേശം കൊണ്ടാണു ഈ നിറത്തിൽ എത്തിച്ചേർന്നതെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം... തലയുയർത്തി നിൽക്കട്ടെ കാവി...👍 സ്കൂളിൽ പച്ച ബോർഡ്‌ കണ്ടപ്പോൾ ലീഗിന്റെ പച്ചയാണെന്ന് പറഞ്ഞ്‌ നടന്നത്‌ പോലെ പറഞ്ഞ്‌ നടക്കാൻ ഞങ്ങളില്ലേ..!!

എന്നാല്‍ സിദ്ദിഖിന്‍റെ ഈ നിലപാടിനെതിരെ പോസ്റ്റിനടിയില്‍ തന്നെ വലിയ വിമര്‍ശനം ഇടത് അനുഭാവികള്‍ ഉയര്‍ത്തി. ഇത് പ്രകാരം ഒരു നിറമല്ലെ അതിലെന്താണ് വിവാദമാക്കുവാന്‍ എന്നാണ് ഇടത് അനുഭാവികളുടെ ചോദ്യം. ഇതോടെ ടി സിദ്ദിഖ് വീണ്ടും പോസ്റ്റുമായി എത്തി. കഴിഞ്ഞ സര്‍ക്കാര്‍ കാലത്തെ പച്ചബോര്‍ഡ് വിവാദ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഇട്ട ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയാണ് ടി സിദ്ദിഖിന്‍റെ വിശദീകരണം. നിറങ്ങള്‍ക്ക് ചിലപ്പോള്‍ പ്രത്യേക മാനങ്ങളുണ്ടാകും- പിണറായി വിജയന്‍ 2014 എന്നാണ് പോസ്റ്റില്‍ സിദ്ദിഖ് പറയുന്നത്. പച്ച ബോർഡിന്റെ കാലത്തെ ശ്രീ പിണറായി വിജയന്റെ നിലപാട്‌, ഇപ്പോൾ സഖാക്കൾ ഷേക്സ്‌പിയർ സ്റ്റയിലിൽ പറയുന്നു, ഒരു നിറത്തിലെന്തിരിക്കുന്നു എന്ന്, ഇന്ന് സ്മാർട്‌ ക്ലാസ്‌ റൂം മുഴുവൻ പച്ച ബോർഡാണ്- സിദ്ദിഖ് പറയുന്നു.

എന്നാല്‍ മറ്റൊരു രീതിയില്‍ ട്രോള്‍ പോസ്റ്റുമായാണ് കോണ്‍ഗ്രസ് എംഎല്‍എ വിടി ബലറാം കേരള ബാങ്ക് ലോഗോയെ കളിയാക്കിയത്. ലോഗോയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് കേരളത്തിന്റെ ഒന്നാം സ്ഥാനം അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു എന്നാണോ ഉദ്ദേശിച്ചത്? ആവോ.. ആർക്കറിയാം! - എന്നാണ് ബലറാം ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്തായാലും വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ് കേരള ബാങ്കിന്‍റെ ലോഗോ. തങ്ങളുടെ രാഷ്ട്രീയത്തിന് അനുസരിച്ച് പ്രതിപക്ഷ അനുകൂലികളും, ഭരണപക്ഷ അനുകൂലികളും ലോഗോയെ വ്യാഖ്യാനിക്കുകയാണ്.