നാടിനെ വിറപ്പിക്കുന്ന രീതിയിൽ കത്തിവീശി അക്രമം കാണിക്കുന്നവരെ അറസ്റ്റ് ചെയ്താൽ പൊലീസ് എന്തായിരിക്കും ചെയ്യുക. അതിനുള്ള ഉത്തരം കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ പോയാൽ കിട്ടും. അക്രമത്തിന്റെ വിഡിയോയും കോമഡി രംഗങ്ങളും കോർത്തിണക്കിയുള്ള ട്രോൾ വീഡിയോയാണ് പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

പട്ടാപകൽ നിരവധി ആളുകൾ കാൺങ്കെ കത്തികാട്ടി ഭീഷണി മുഴക്കുന്നത് ചിരിയുടെ അകമ്പടി ചേർത്താണ് പൊലീസ് പങ്കുവച്ചിരിക്കുന്നത്.  എറണാകുളം ഹൈ കോർട്ട് ജംഗ്‌ഷനു സമീപം ഗുണ്ടാവിളയാട്ടം നടത്തിയ യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. ഇവർ കത്തി വീശുന്നതും പൊലീസിനോട് കയർക്കുന്നതും വിഡിയോയിൽ കാണാം.  പൊലീസ് കസ്റ്റഡിയിലെടുത്ത  കൃഷ്ണദാസ് , അൽത്താഫ് , ബ്രയാൻ, വിശാൽ എന്നിവരെ റിമാൻഡ് ചെയ്തിട്ടുണ്ട്. 

വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് പൊലീസിനെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. ചോദ്യങ്ങളും ഉത്തരങ്ങളും  പോസ്റ്റിൽ സജീവമാണ്. 'പാലാ എസ്ഐയെ അക്രമിച്ച എസ്എഫ്ഐ നേതാവിന് എതിരെ എന്ത് നടപടിയാണ് എടുത്തത്' എന്നാണ് ഉയരുന്ന ചോദ്യങ്ങൾ. 'കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.. ബാക്കി ഉടനെ..'എന്നായിരുന്നു പൊലീസിന്റെ മറുപടി. എന്തായാലും പൊലീസിന്റെ ട്രോൾ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.