കുട്ടികൾ പൊതുവേ കൈയ്യിൽ കിട്ടുന്ന എന്ത് സാധനവും തല്ലി പൊട്ടിക്കുകയാണ് പതിവ്. എന്നാൽ അവയിൽ നിന്നും വ്യത്യസ്ഥമായി തനിക്ക്  ലഭിച്ച പരിമിതമായ വസ്തുക്കൾ ഉപയോ​ഗിച്ച് ജെസിബി നിർമ്മിച്ച ഒരു കൊച്ചുമിടുക്കന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടിയിരിക്കുന്നത്.

ആറ്, ഏഴ് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയാണ് പരിമിതമായ വസ്തുക്കൾ ഉപയോ​ഗിച്ച് ജെസിബി നിർമ്മിച്ചിരിക്കുന്നത്. മരത്തിന്റെ കുഞ്ഞ് കഷണവും പ്ലാസ്റ്റിക്കും ഉപയോ​ഗിച്ച് നിർമ്മിച്ച ജെസിബി കൊണ്ട് മണ്ണ് കോരാനാകും. തെരുവോരത്ത് നിന്നും ലഭിച്ച ഉപയോ​ഗശൂന്യമായ സിറിഞ്ച് ഉപയോ​ഗിച്ചാണ് ജെസിബിയുടെ കൈ നിർമ്മിച്ചിരിക്കുന്നത്.

കുഞ്ഞൻ ജെസിബി കൊണ്ട്  മണ്ണ് മാന്തുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് ഈ മിടുക്കനെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. ബോളിവുഡിലെ ബി​ഗ് ബി അമിതാഭ് ബച്ചനും കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദനം. അമേയ്‌സിങ്.. ഇന്നോവേറ്റീവ് ഇന്ത്യ എന്നീ ക്യാപ്ഷനോടെ ആണ് അദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തത്.