സ്‌കൂളിലെ ഹിന്ദി അധ്യാപിക അനുസ്മിത പകര്‍ത്തിയ ദൃശ്യങ്ങളാണ് മന്ത്രി പുറത്തു വിട്ടത്.

തിരുവനന്തപുരം: ഉച്ചയൂണ്‍ ഇന്റര്‍വെല്ലില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിയ കലാവിരുതിന്റെ വീഡിയോ പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി. പേനയും പെന്‍സിലും ബോക്‌സും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ ഡെസ്‌ക്കില്‍ താളം കൊട്ടുന്നതിന്റെ വീഡിയോയാണ് മന്ത്രി പങ്കുവച്ചത്. സ്‌കൂളിലെ ഹിന്ദി അധ്യാപിക അനുസ്മിത പകര്‍ത്തിയ ദൃശ്യങ്ങളാണ് മന്ത്രി പുറത്തു വിട്ടത്. ക്ലാസിനിടയില്‍ വീണുകിട്ടിയ ഒരു ഇടവേളയില്‍ കൊട്ടിക്കയറിയപ്പോള്‍ വിരിഞ്ഞത് ആഹ്ലാദത്തിന്റെ സ്വരമേളം എന്നാണ് സംഭവത്തെ കുറിച്ച് മന്ത്രി അഭിപ്രായപ്പെട്ടത്. 

വീഡിയോ പങ്കുവച്ച് ശിവന്‍കുട്ടി പറഞ്ഞത്: ഉച്ചയൂണ്‍ കഴിഞ്ഞുള്ള ഇന്റര്‍വെല്ലിലാണ് ഹിന്ദി ടീച്ചറായ അനുസ്മിത ടീച്ചര്‍ ക്ലാസ് വരാന്തയിലൂടെ നടന്നത്. മനോഹരമായ താളവും കുട്ടികളുടെ ശബ്ദവും കേട്ട് തെല്ലവിടെ നിന്ന ടീച്ചര്‍ കുട്ടികളുടെ കലാവിരുത് ഫോണില്‍ പകര്‍ത്തി.കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാംതരം വിദ്യാര്‍ത്ഥികളായ ആദ്യദേവ്, ഭഗത്, നിലവ് കൃഷ്ണ, മുഹമ്മദ് റൈഹാന്‍ എന്നിവര്‍ പെന്നും പെന്‍സിലും ബോക്‌സും ഉപയോഗിച്ച് ക്ലാസിനിടയില്‍ വീണുകിട്ടിയ ഒരു ഇടവേളയില്‍ കൊട്ടിക്കയറിയപ്പോള്‍ വിരിഞ്ഞത് ആഹ്ലാദത്തിന്റെ സ്വരമേളം.

വീഡിയോയുടെ കമന്റ് ബോക്‌സിലും നിരവധി പേരാണ് വിദ്യാര്‍ഥികളുടെ കഴിവിനെ പ്രശംസിച്ച് രംഗത്തെത്തിയത്. വീഡിയോ പഴയകാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ് പലരും പറയുന്നത്. വിദ്യാര്‍ഥികളുടെ ഇത്തരം കലാവിരുതുകള്‍ക്ക് അധ്യാപികമാര്‍ നല്‍കുന്ന പ്രോത്സാഹനം അഭിനന്ദനാര്‍ഹമാണെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു. അതേസമയം, ഡെസ്‌ക്കില്‍ താളം കൊട്ടിയതിന്റെ പേരില്‍ അധ്യാപകരില്‍ നിന്ന് കിട്ടിയ തല്ലിന്റെ കാര്യവും മറ്റ് ചിലര്‍ പങ്കുവച്ചു. ഇടവേളകളില്‍ ഇത്തരത്തില്‍ കൊട്ടിയിരുന്നു. വീഡിയോയ്ക്ക് പകരം അടിയാണ് അന്ന് ലഭിച്ചതെന്ന കമന്റും പോസ്റ്റിന് കീഴില്‍ വരുന്നുണ്ട്. 

ആശ്വാസം! അവസാന മണിക്കൂറുകളിൽ സുപ്രധാന തീരുമാനമെടുത്ത് റിസർവ് ബാങ്ക്

YouTube video player