സെപ്തംബറിന്റെ അവസാനം വാടക വീട്ടില്‍ നടന്ന സ്ഥിരം സന്ദര്‍ശനത്തിനൊടുവിലാണ് സൂക്ഷ്മമായ പോറല്‍ വീട്ടുടമസ്ഥന്‍ ശ്രദ്ധിക്കുന്നത്
സിഡ്നി: വീടിന്റെ തറയിലുണ്ടായ ചെറിയ പോറലിന് വാടകക്കാരനില്‍ നിന്ന് വന്‍തുക പിഴ ആവശ്യപ്പെട്ട് വീട്ടുടമസ്ഥൻ. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. സമൂഹമാധ്യമമായ റെഡിറ്റിലെ ഒരു യൂസറാണ് തനിക്ക് നേരിട്ട അനുഭവമെന്ന് വ്യക്തമാക്കി, നിലത്തെ ചെറിയ പോറലിന്റെ ചിത്രമടക്കം സംഭവം വിവരിച്ചിട്ടുള്ളത്. സെപ്തംബറിന്റെ അവസാനം വാടക വീട്ടില്‍ നടന്ന സ്ഥിരം സന്ദര്‍ശനത്തിനൊടുവിലാണ് സൂക്ഷ്മമായ പോറല്‍ വീട്ടുടമസ്ഥന്‍ ശ്രദ്ധിക്കുന്നത്. ഹാളിലെ തറയിലാണ് സൂക്ഷിച്ച് നോക്കിയാല്‍ പോലും കാണാന്‍ സാധ്യത കുറവുള്ള അത്ര ചെറിയ പോറല്‍ സംഭവിച്ചിട്ടുള്ളത്.
ഇതോടെ തറയിലെ മരം ഉപയോഗിച്ചുള്ള പാനലിംഗ് മുഴുവന്‍ മാറ്റണമെന്ന് വിശദമാക്കിയാണ് ആയിരം ഡോളര്‍ നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നാണ് കുറിപ്പ് വിശദമാക്കുന്നത്. പോറല്‍ വന്നത് മൂലം തറ മുഴുവന്‍ പുതുക്കിപ്പണിയണമെന്നാണ് വീട്ടുടമ ആവശ്യപ്പെട്ടിരിക്കുന്നത്. തറയിലെ ഈ പോറല്‍ നിങ്ങള്‍ക്ക് കാണാനാവുമോയെന്ന് ചോദ്യത്തോടെയാണ് റെഡിറ്റ് യൂസര്‍ കുറിപ്പിട്ടിരിക്കുന്നത്.
ഇത്തിരി എണ്ണയും സോപ്പും ഉപയോഗിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്നത്തിനാണോ ഒരുലക്ഷം രൂപയോളം ഈടാക്കുന്നതെന്നാണ് കുറിപ്പിനോട് പലരും പ്രതികരിക്കുന്നത്. വീട്ടുടമ വാടകക്കാരനെ പറ്റിക്കുകയാണെന്നും മറ്റ് ചിലര്‍ പ്രതികരിക്കുന്നുണ്ട്. തറപുതുക്കി പണിയാന്‍ പുതിയ ആളെ കണ്ടെത്തിയിരിക്കുകയാണ് വീട്ടുടമയെന്നാണ് പലരും പ്രതികരിക്കുന്നത്. ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിറ്റിയെ സമീപിക്കാനും പലരും കുറിപ്പിനോട് പ്രതികരിക്കുന്നുണ്ട്.
വന്‍തുക നല്‍കാന്‍ വിസമ്മതിക്കുകയും സംഭവം സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തിന് പിന്നാലെ നഷ്ടപരിഹാര തുകയില്‍ കുറവ് വരുത്താന്‍ തയ്യാറായിട്ടുണ്ടെന്നാണ് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ അറിയിച്ചിരിക്കുന്നതെന്നാണ് സംഭവത്തേക്കുറിച്ചുള്ള മറ്റൊരു പോസ്റ്റില്‍ റെഡിറ്റ് യൂസര്‍ വിശദമാക്കുന്നത്.
