മാസ്റ്റര്‍ ബെഡ് റൂമില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുക ഉയരുന്നത് ടോയ്‍ലെറ്റില്‍ നിന്നാണെന്ന് കണ്ടെത്തുന്നത്. ഇടിമിന്നല്‍ സെപ്റ്റിക് ടാങ്കില്‍ ഏല്‍പ്പിച്ച പ്രഹരമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് നിരീക്ഷണം

ഫ്ലോറിഡ: മിന്നലേറ്റ് സെപ്റ്റിക് ടാങ്കും ടോയ്‍ലെറ്റും പൊട്ടിത്തെറിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള പോര്‍ട്ട് ഷാര്‍ലെറ്റ് എന്ന സ്ഥലത്താണ് അപകടം. ഞായറാഴ്ചയാണ് മേരിലു വാര്‍ഡ് എന്ന സ്ത്രീയുടെ വീട്ടില്‍ മിന്നല്‍ പ്രഹരമേല്‍ക്കുന്നത്. ബാത്ത്റൂമിലും അതിനോട് ചേര്‍ന്നുള്ള ബെഡ്റൂമിലും ആളില്ലാതിരുന്നതിനാല്‍ സംഭവത്തില്‍ ആളപായമില്ല. 

വന്‍ശബ്ദത്തിന് പിന്നാലെ വീട്ടിനുള്ളില്‍ നിന്ന് പുക ഉയര്‍ന്നതോടെയാണ് വീട്ടുടമ മേരിലു വാര്‍ഡ് സഹായത്തിന് ആളുകളെ വിളിക്കുന്നത്. മാസ്റ്റര്‍ ബെഡ് റൂമില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുക ഉയരുന്നത് ടോയ്‍ലെറ്റില്‍ നിന്നാണെന്ന് കണ്ടെത്തുന്നത്. ഇടിമിന്നല്‍ സെപ്റ്റിക് ടാങ്കില്‍ ഏല്‍പ്പിച്ച പ്രഹരമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് നിരീക്ഷണം. 

ടാങ്കിലും ടോയ്‍ലെറ്റ് പൈപ്പിലുമുണ്ടായ മീഥേനിന്‍റെ സാന്നിധ്യമാണ് പൊട്ടിത്തെറിക്ക് പിന്നിലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. മിസൈല്‍ പ്രഹരമുണ്ടായതിന് സമാനമാണ് വീടിന്‍റെ അവസ്ഥയെന്നാണ് സ്ഥലം പരിശോധിച്ചവര്‍ വ്യക്തമാക്കുന്നത്. മാസ്റ്റര്‍ ബെഡ്റൂമും അതിനോട് ചേര്‍ന്നുള്ള ബാത്ത്റൂമും പൊട്ടിത്തെറിയില്‍ പൂര്‍ണ്ണമായി നശിച്ചിട്ടുണ്ട്. വീട്ടുകാര്‍ക്ക് പൊട്ടിത്തെറിയില്‍ പരിക്കേറ്റിട്ടില്ല.