മലയണ്ണാന്‍റെ മുഖത്തടിച്ച് ചക്ക തട്ടിയെടുക്കുന്ന സിംഹവാലന്‍ കുരങ്ങിന്‍റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. വലിയൊരു പ്ലാവിലെ പഴുത്ത ചക്ക കണ്ടെത്താന്‍ മലയണ്ണാന്‍റെ നിരീക്ഷണങ്ങള്‍ ശ്രദ്ധിക്കുകയും അതിന് ശേഷം മലയണ്ണാന്‍റെ മുഖത്തടിച്ച് ഓടിക്കുകയും ചെയ്യുകയാണ് ഈ കുരങ്ങന്‍മാര്‍.  

ബിബിസി  എര്‍ത്താണ് മനോഹരമായ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ആദ്യം മയത്തിലാണ് കുരങ്ങന്‍ അടിക്കുന്നത്. എന്നാല്‍ മലയണ്ണാന്‍ പിന്മാറാതെ വരുന്നതോടെ അടിയുടെ പവറും കൂടുന്നു. അവസാനം മലയണ്ണാന്‍ നിരാശയോടെ ചക്കയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് പിന്മാറുന്നു.

പഴുത്ത ചക്ക തിരിച്ചറിയാന്‍ മലയണ്ണാന്‍റെ മണം പിടിക്കാനുള്ള കഴിവ് ഉപയോഗിക്കുകയും പാകമായ ചക്ക നിലത്തേക്കെറിഞ്ഞ് മലയണ്ണാന്റെ കൈപ്പിടിയില്‍ നിന്ന് അകറ്റുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആറ് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ബിബിസിയുടെ പ്രൈമേറ്റ്സ് എന്ന പരിപാടിയുടെ ഭാഗമായാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.