ഓടുന്ന ട്രെയിനിനുള്ളിൽ കുളിച്ച് റീൽ ചിത്രീകരിക്കാൻ ശ്രമിച്ച പ്രമോദ് ശ്രീവാസ് എന്നയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ഝാൻസിക്ക് സമീപം നടന്ന സംഭവത്തിൽ, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാണ് നടപടി.  

ഝാൻസി: ഓടുന്ന ട്രെയിനിൻ്റെ കോച്ചിനുള്ളിൽ വെച്ച് കുളിക്കുന്നയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് റെയിൽവേ നടപടിയെടുത്തു. വീരാംഗന ലക്ഷ്മി ഭായ് ഝാൻസി സ്റ്റേഷന് സമീപം വെച്ചാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഈ സംഭവം അരങ്ങേറിയത്. വിചിത്രമായ ഈ വീഡിയോയിൽ, പ്രമോദ് ശ്രീവാസ് എന്ന് തിരിച്ചറിഞ്ഞ വ്യക്തി, ട്രെയിൻ കോച്ചിൻ്റെ ഡോറിനടുത്തായി ബക്കറ്റും കപ്പും വെച്ച് സോപ്പും വെള്ളവും ഉപയോഗിച്ച് കുളിക്കുന്നതാണ് കാണുന്നത്. ചുറ്റുമുള്ള യാത്രക്കാർ തന്നെ ശ്രദ്ധിക്കുന്നതും വീഡിയോ എടുക്കുന്നതും ഇയാൾ കാര്യമാക്കുന്നില്ല.

സംഭവം വിവാദമായതോടെ നടത്തിയ അന്വേഷണത്തിൽ, സമൂഹമാധ്യമങ്ങളിൽ റീൽ ഉണ്ടാക്കി ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് താൻ ഈ പ്രവൃത്തി ചെയ്തതെന്ന് ശ്രീവാസ് സമ്മതിച്ചു. വിഡിയോ പ്രചരിച്ചതിന് തൊട്ടുപിന്നാലെ നോർത്ത് സെൻട്രൽ റെയിൽവേ അധികൃതർ സംഭവം ശ്രദ്ധയിൽപ്പെട്ടു. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ട്രെയിനിൽ മോശമായി പെരുമാറഉകയും ചെയ്തതിന് റെയിൽവേ സംരക്ഷണ സേന ശ്രീവാസിനെതിരെ നിയമനടപടി ആരംഭിച്ചു.

നോർത്ത് സെൻട്രൽ റെയിൽവേ ഔദ്യോഗിക പ്രസ്താവനയിലൂടെ അറസ്റ്റ് സ്ഥിരീകരിച്ചു: 'വീരാംഗന ലക്ഷ്മിഭായ് ഝാൻസി സ്റ്റേഷനിൽ വെച്ച് ട്രെയിനിനുള്ളിൽ കുളിക്കുന്നതിൻ്റെ വീഡിയോ നിർമ്മിച്ച വ്യക്തിയുടെ വിവരങ്ങൾ ശേഖരിച്ചു. റീൽ ഉണ്ടാക്കി പ്രശസ്തി നേടാനാണ് ഇത് ചെയ്തതെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ ആർപിഎഫ്. നിയമനടപടി സ്വീകരിച്ചു എന്നും, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികളിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണമെന്നും നോർത്ത് സെൻട്രൽ റെയിൽവേ അഭ്യർത്ഥിച്ചു.

View post on Instagram