സ്കൂൾ കാലഘട്ടത്തെ ഓർമ്മകൾ എല്ലാവർക്കും എന്നും ഒരു ഹരമാണ്. കുഞ്ഞ് കുസൃതിത്തരങ്ങൾ മുതൽ അധ്യാപകരുടെ അടിയുടെ ചൂടുവരെ ഇന്നും ഓർമ്മകളിൽ തങ്ങി നിൽക്കുന്നു. കടകളിൽ നിന്ന് വാങ്ങിയ മിഠായികൾ അധ്യാപകർ കാണാതെ ആസ്വദിച്ച് കഴിക്കുന്നതിന്റെ രുചിയും ഇന്നും പലരുടെയും നാവിൽ ഉണ്ടാകും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്.

അസംബ്ലി നടക്കുന്നതിനിടയിൽ ആസ്വദിച്ച് കോലുമിഠായി കഴിക്കുന്ന ബാലന്റെ വീഡിയോ ആണിത്. ഐഎഎസ് ഉദ്യോ​ഗസ്ഥനായ അവാനിഷ് ശരൺ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 30 സെക്കന്റ് ദൈർഘ്യമുള്ളതാണ് വീഡിയോ. 

കയ്യിൽ കോലുമിഠായുമായി കണ്ണടച്ച് അസംബ്ലിക്ക് നിൽക്കുന്ന കുട്ടിയെ ആണ് ആദ്യം വീഡിയോയിൽ കാണാനാകുന്നത്. ഇതേ സമയം ഒരു കുട്ടി പ്രാർത്ഥന ചൊല്ലികൊടുക്കുന്നു. ഇത് ഏറ്റു പറയുന്നതിനൊപ്പം മിഠായിയും ആസ്വദിച്ച് നുണയുകയാണ് ഈ കൊച്ചുമിടുക്കൻ. കൂപ്പിയ കൈക്കുള്ളിലാണ് കുട്ടി മിഠായി വച്ചിരിക്കുന്നത്. 

പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് ഈ കൊച്ചുമിടുക്കന്റെ വീഡിയോ കണ്ടിരിക്കുന്നത്. ഞങ്ങളെ  സ്കൂൾ ജീവിതത്തിലേക്ക് കൊണ്ടുപോയി എന്നാണ് നിരവധി പേർ വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.