മധുര: സേതുരാമന് ഇപ്പോഴും ആ വിയോഗം വിശ്വസിക്കാനായിട്ടില്ല. 30 ദിവസം മുമ്പാണ് ഭാര്യ അപ്രതീക്ഷിതമായി ലോകത്തോട് വിടപറഞ്ഞത്. ഭാര്യയെ എന്നും തൊട്ടടുത്ത് കാണാന്‍ ആഗ്രഹിക്കുന്ന സേതുരാമന്‍ വീട്ടില്‍ അവരുടെ പൂര്‍ണ്ണകായ പ്രതിമയുണ്ടാക്കി. ഭാര്യ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് പ്രതിമ. തമിഴ്‌നാട്ടിലെ മധുരയില്‍ ബിസിനസുകാരനാണ് സേതുരാമന്‍.

'എനിക്ക് ഭാര്യയെ അടുത്തിടെ നഷ്‌ടമായി. എന്നാല്‍ ഈ പ്രതിമയിലേക്ക് നോക്കുമ്പോള്‍ അവളുടെ ഇപ്പോഴും അടുത്തുള്ളതായി അനുഭവിക്കാനാകും. ഫൈബറും റബ്ബറും പ്രത്യേക നിറങ്ങളും ഉപയോഗിച്ചാണ് പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിച്ചത്' എന്നുപറയുന്നു സേതുരാമന്‍. 

വാര്‍ത്ത ഏജന്‍സിയായ എഎൻഐ ട്വീറ്റ് ചെയ്‌ത ഈ വാര്‍ത്ത വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഭാര്യക്ക് വേറിട്ട സ്‌മാരകമൊരുക്കിയ സേതുരാമനൊപ്പം പ്രതിമ നിര്‍മ്മിച്ച കലാകാരന്‍മാരെയും പ്രശംസിക്കുകയാണ് ഈ ട്വീറ്റ് താഴെ ആളുകള്‍. 

കാറപകടത്തില്‍ അപ്രതീക്ഷിതമായി മരിച്ച ഭാര്യയുടെ പൂര്‍ണ്ണകായ പ്രതിമ വീട്ടില്‍ നിര്‍മ്മിച്ച് കര്‍ണാടകയില്‍ നിന്നുള്ള ബിസിനസുകാരന്‍ മുമ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 2017ലായിരുന്നു ഈ സംഭവം. അന്ന് ഈ വാര്‍ത്ത ഇന്‍റര്‍നെറ്റിലും സാമൂഹ്യമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു.