വാക്കറുമായി റോഡിലേക്ക് ഉരുണ്ടു നീങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷിക്കുന്ന ബൈക്ക് യാത്രികന്റെ വീഡിയോ വൈറലാകുന്നു. കൊളംബിയയിലെ ഫ്ലോറൻസിയയിലാണ് സംഭവം. വാക്കറിൽ റോഡിലേക്ക് വന്ന കുഞ്ഞിനെ ബൈക്കുപേക്ഷിച്ച് യാത്രക്കാരൻ ഓടിപ്പോയി വാരിയെടുക്കുകയായിരുന്നു. 

റോഡിന്‍റെ ഒരു വശത്തുനിന്നും അതിവേഗത്തിൽ ഉരുണ്ടു വരുന്ന വാക്കറിനെ വീഡിയോയിൽ കാണാം. റോഡ് മുറിച്ചു കടന്ന് ചരിഞ്ഞ പ്രദേശത്തേക്ക് അത് ഉരുണ്ട് ഇറങ്ങുകയാണ്. ഇതിനിടെയാണ് ഒരു ബൈക്ക് യാത്രികൻ അതുവഴിയെത്തുന്നത്. ബൈക്ക് നിർത്താൻ പോലും നിൽക്കാതെ അയാൾ വാക്കറിന് പിറകെ ഓടി തടഞ്ഞു നിർത്തുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ വാരിയെടുത്ത് മാറോടണയ്ക്കുന്നതും വീഡിയോയിൽ കാണാം. അപ്പോഴേക്കും വാക്കറിനെ പിന്നാലെ ഒരു സ്ത്രീയും അവിടെക്കെത്തിയിരുന്നു. കുഞ്ഞിനെ അവര്‍ക്ക് കൈമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ചിന്തിക്കാൻ പോലും ഒരുനിമിഷം പാഴാക്കാതെ ആ ബൈക്കുകാരൻ നടത്തിയ ഇടപെടലിനെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങൾ. 'മികച്ച പ്രതിപ്രവർത്തനവും മനഃസാന്നിധ്യവും. ശരിക്കും ഒരു ഹീറോ തന്നെ! എന്നാണ് മുൻ എംപിയും വ്യവസായ പ്രമുഖനുമായ നവീൻ ജിൻഡാൽ വീഡിയോ പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചത്.