പെയ്ജ് എന്ന പത്തുവയസ്സുകാരിയെ ഓര്‍മ്മയുണ്ടോ ? കാലിഫോര്‍ണിയക്കാരിയായ ഈ പെണ്‍കുട്ടി തന്‍റെ മുത്തച്ചനെയും മുത്തശ്ശിയെയും കെട്ടിപ്പിടിക്കാന്‍ ഒരു പ്ലാസ്റ്റിക് കര്‍ട്ടന്‍ തന്നെയുണ്ടാക്കിയിരുന്നു. പെയ്ജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇംഗ്ലണ്ടിലെ ഒരു യുവാവും തന്‍റെ മുത്തശ്ശിയെ കെട്ടിപ്പിടിക്കാന്‍ പ്ലാസ്റ്റിക് കര്‍ട്ടനുണ്ടാക്കി. ഒറ്റത്തവണ ഉപയോഗിക്ക് ഒഴിവാക്കാവുന്ന ഗ്ലൗസും വീട്ടിന് മുമ്പില്‍ തയ്യാറാക്കി വച്ച് പ്ലാസ്റ്റിക് കര്‍ട്ടനും മുത്തശ്ശിയെ ചേര്‍ത്തണയ്ക്കാന്‍ ആ ചെറുപ്പക്കാരനെ സഹായിച്ചു. 

ആന്‍റണി കോവിന്‍ എന്നയാളാണ് മുത്തശ്ശിക്ക് ഇങ്ങനെയൊരു സമ്മാനം നല്‍കിയത്. വീട്ടുമുറ്റത്ത് തയ്യാറാക്കി വച്ചതെല്ലാം കണ്ട് ആ മുത്തശ്ശി ആദ്യമൊന്ന് അമ്പരന്നു. പിന്നീട് സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച ഈ വീഡിയോ അമ്പത് ലക്ഷത്തിലേറെ പേരാണ് കണ്ടത്. 'എന്‍റെ കണ്ണും നിറഞ്ഞു'വെന്നാണ് മിക്കവരും വീഡിയോക്ക് നല്‍കിയിരിക്കുന്ന കമന്‍റ്. വ്യവസായി ആനന്ദ് മഹീന്ദ്രയും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.