ദീപാവലി ദിനത്തിൽ ഹൈദരാബാദിലെ ഒരു യുവാവ് ഡെലിവറി ആപ്പുകൾ വഴി മധുരം ഓർഡർ ചെയ്യുകയും, അത് കൊണ്ടുവന്ന ഏജൻ്റുമാർക്ക് തന്നെ സമ്മാനമായി നൽകുകയും ചെയ്തു. ഗുൻഡെറ്റി മഹേന്ദർ റെഡ്ഡി എന്ന ഈ യുവാവിൻ്റെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലായി
ഹൈദരാബാദ്: ദീപാവലിയുടെ തിരക്കിനിടയിലും ജോലിയിലേർപ്പെട്ട ഡെലിവറി ഏജൻ്റുമാർക്ക് മധുരം സമ്മാനിച്ച് ഹൈദരാബാദിലെ ഒരു യുവാവ്. സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ബിഗ്ബാസ്കറ്റ് തുടങ്ങിയ ഡെലിവറി ആപ്പുകൾ വഴി മധുരം ഓർഡർ ചെയ്ത്, അത് കൊണ്ടുവന്ന ഏജൻ്റുമാർക്ക് തന്നെ ദീപാവലി സമ്മാനമായി നൽകിയ ഗുൻഡെറ്റി മഹേന്ദർ റെഡ്ഡിയുടെ വീഡിയോ ആണ് ശ്രദ്ധേയമായത്.
മഹേന്ദർ റെഡ്ഡി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം 1.7 ദശലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. "ദീപാവലിക്ക് ഞങ്ങൾ സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ബിഗ്ബാസ്കറ്റ് എന്നിവയിൽ നിന്ന് മധുരപലഹാരങ്ങൾ ഓർഡർ ചെയ്യുകയും, അത് കൊണ്ടുവന്ന ഡെലിവറി പങ്കാളികൾക്ക് തന്നെ സമ്മാനമായി നൽകുകയും ചെയ്തു' എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
സമ്മാനം സ്വീകരിച്ച ഡെലിവറി ഏജൻ്റുമാർ സന്തോഷത്തോടെ ചിരിക്കുന്നതും നന്ദി പറയുന്നതുമായ ദൃശ്യങ്ങളോടെയാണ് ഈ ചെറിയ വീഡിയോ അവസാനിക്കുന്നത്. ചെറിയൊരു കാര്യം മറ്റുള്ളവർക്ക് നൽകുന്ന സന്തോഷം വലുതാണെന്നായിരുന്നു മിക്കയാളുടെയും പ്രതികരണം. ഉത്സവത്തിരക്കിലും ജോലി ചെയ്യുന്ന ഡെലിവറി തൊഴിലാളികളെ അഭിനന്ദിക്കാനുള്ള ലളിതവും എന്നാൽ അർത്ഥവത്തായതുമായ മാർഗ്ഗമാണിതെന്നും പലരും ചൂണ്ടിക്കാട്ടി.


