അപരിചിതയായ ഒരു യുവതിക്കൊപ്പം ആർഎസി സീറ്റ് പങ്കിടേണ്ടി വന്ന യുവാവിൻ്റെ  കുറിപ്പ് വൈറലാകുന്നു. തുടക്കത്തിൽ വളരെ അധികം ബുദ്ധിമുട്ട് തോന്നിയെങ്കിലും 15 മണിക്കൂർ നീണ്ട യാത്ര അവിസ്മരണീയമായ സൗഹൃദ നിമിഷങ്ങളായി മാറിയതിൻ്റെ കഥയാണ് യുവാവ് പങ്കുവെച്ചത്.  

ദില്ലി: ട്രെയിനിൽ അപരിചിതയായ ഒരു യുവതിക്കൊപ്പം ആർഎസി (റിസർവേഷൻ എഗൈൻസ്റ്റ് കാൻസലേഷൻ) സീറ്റ് പങ്കുവെക്കാൻ ഉണ്ടായ സാഹചര്യത്തിന്റെ അനുഭവം പറയുന്ന കുറിപ്പ് വൈറൽ. യാത്ര അപ്രതീക്ഷിതവും അവിസ്മരണീയവുമായ സൗഹൃദ നിമിഷങ്ങളായി മാറിയതിൻ്റെ കഥയാണ് റെഡ്ഡിറ്റിൽ പങ്കുവയ്ക്കപ്പെടുകയും പിന്നാലെ വൈറലാവുകയും ചെയ്തത്. 'RAC 39 M2 Female traveller assigned with me in RAC' എന്ന തലക്കെട്ടോടെയാണ് യുവാവ് സബ്റെഡ്ഡിറ്റിൽ തൻ്റെ അനുഭവം പങ്കുവെച്ചത്.

'റെയിൽവേയുടെ വിചിത്രമായ സീറ്റ് അലോക്കേഷൻ അൽഗോരിതം കാരണം ഒരു സ്ത്രീ യാത്രക്കാരിയുമായി എന്റെ സീറ്റ് പങ്കിടേണ്ടി വന്നു. തുടക്കത്തിൽ എനിക്കത് വല്ലാത്തൊരു ബുദ്ധിമുട്ടായി തോന്നി. ഞാൻ ഒരു ഇൻട്രോവേർട്ട് ആണ്, സാധാരണയായി യാത്രകളിൽ ഇയർഫോൺ വെച്ച് ഉറങ്ങുന്നതായി നടിക്കുകയാണ് ചെയ്യറുള്ളത്. എന്നാൽ, തന്റെ മുൻധാരണകൾ പെട്ടെന്ന് മാറിമറിഞ്ഞു. അവർ ഏറെ സൗഹൃദമുള്ള വ്യക്തിയായിരുന്നു. താമസിയാതെ അവരുടെ സുഹൃത്തുക്കളും ഞങ്ങളുടെ സംഭാഷണത്തിൽ പങ്കുചേർന്നു. ചെറിയ വർത്തമാനങ്ങളായി തുടങ്ങിയ സംസാരം പിന്നീട് ജീവിതത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമൊക്കെയുള്ള ആഴത്തിലുള്ള സംഭാഷണങ്ങളായി മാറി. 15 മണിക്കൂർ എങ്ങനെ പറന്നുപോയെന്ന് ഞാൻ അറിഞ്ഞില്ലെന്ന് യുവാവ് കുറിച്ചു.

യാത്രക്കാർക്കിടയിൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ലഘുഭക്ഷണങ്ങൾ പങ്കുവെക്കുകയും കഥകൾ കൈമാറുകയും ചെയ്തു. ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ ലളിതമായി ഞങ്ങൾ ബൈ പറഞ്ഞു, ഞങ്ങളുടേതായ വഴികളിൽ പിരിഞ്ഞു. ഫോൺ നമ്പർ പോലും കൈമാറിയില്ല. 'ബന്ധം നിലനിർത്താം' എന്ന് പറയുന്ന നാടകീയതകളില്ല, തിരക്കിട്ട ഈ ലോകത്ത് ലഭിച്ച മനോഹരമായ ഒരു മനുഷ്യബന്ധം മാത്രമായിരുന്നു അത്, എന്നും കുറിച്ചാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.

യാത്രക്കാരൻ്റെ ഹൃദയസ്പർശിയായ കുറിപ്പ് ഉപയോക്താക്കളെയും ആകർഷിച്ചു. കൂടുതൽ ആളുകൾ ഫോണിൽ നോക്കാതെ യാത്രയ്ക്കിടെ സംസാരിച്ചിരുന്ന പഴയ കാലത്ത് സംഭവിച്ചിരുന്ന നല്ല കാര്യങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് ഒരു ഉപയോക്താവ് കുറിച്ചു. ബന്ധങ്ങൾ സങ്കീർണ്ണമാക്കാതെ വിവരങ്ങൾ കൈമാറാതെ പിരിഞ്ഞതിനെയാണ് മറ്റൊരു ഉപയോക്താവ് പ്രശംസിച്ചത്. അപരിചിതർക്ക് പോലും ഒരാളുടെ ജീവിതത്തിൽ ഏറ്റവും ഊഷ്മളമായ ഓർമ്മകൾ നൽകാൻ കഴിയുമെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നതായും നിരവധി പേർ പ്രതികരിച്ചു.