നീണ്ട യാത്രക്കിടയില്‍ ഭാര്യക്ക് സ്വസ്ഥമായുറങ്ങാന്‍ ആറ് മണിക്കൂറോളം വിമാനത്തില്‍ എഴുന്നേറ്റ് നിന്ന് ഭര്‍ത്താവ്. ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങള്‍ വാക് പോര്. വെള്ളിയാഴ്ചയാണ് സീറ്റുകളില്‍ കിടന്നുറങ്ങുന്ന ഭാര്യയുടെ അടുത്ത് സീറ്റുകളില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന ഭര്‍ത്താവിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നത്. 

കുറച്ച് സമയംകൊണ്ട് തന്നെ ട്വീറ്റ് വൈറലായി. അന്‍പതിനോടടുത്ത് പ്രായം വരുന്നയാളാണ് ചിത്രത്തിലുള്ളത്. യഥാര്‍ത്ഥ പ്രണയമെന്ന പേരില്‍ ചിത്രം ഷെയര്‍ ചെയ്തതോടെയാണ് വാക് പോര് തുടങ്ങിയത്. ഭാര്യക്ക് ഭര്‍ത്താവിന്‍റെ മടിയില്‍ കിടന്ന് ഉറങ്ങാമായിരുന്നില്ലേയെന്ന ചോദ്യത്തോടെയാണ് ഇതിനെ പിന്‍തുണച്ചും എതിര്‍ത്തും നിരവധിപ്പേര്‍ ട്വിറ്ററില്‍ പ്രതികരണവുമായി എത്തിയത്. 

ടൈറ്റാനിക്കിലെ ജാക്കിനേയും റോസിനേയും പോലെയാണ് ഈ ദമ്പതികള്‍ എന്ന വാദവുമായി ചിലര്‍ എത്തി. എന്നാല്‍ സ്വാര്‍ത്ഥയാണ് ആ ഭാര്യയെന്നായിരുന്നു മറ്റ് ചിലര്‍ പ്രതികരിക്കുന്നത്.

എന്നാല്‍ ഭര്‍ത്താവിനെ ഇത്രയും അധികം സമയം എണീറ്റ് നില്‍ക്കാന്‍ അനുവദിച്ച വിമാന ജീവനക്കാരെ പഴിക്കുന്നവരുമുണ്ട്.