Asianet News MalayalamAsianet News Malayalam

'പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് ശമ്പളം'; ജൂനിയര്‍ ഡോക്ടറുടെ അനുഭവം പങ്കുവച്ച് ഡോക്ടർ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

''അധികാരത്തിന്റെ ചാരുകസേരയിലിരുന്നിട്ട് താഴോട്ട് നോക്കി പെണ്ണുങ്ങള്‍ക്കെന്തിനാ ശമ്പളമെന്ന് ചോദിക്കുന്നവര്‍ മേലോട്ട് കൂടി നോക്കി ഈ ചോദ്യം ചോദിക്കാന്‍ ധൈര്യം കാണിക്കണം...'' മനോജ് വെളളനാട് കുറിച്ചു.
 

manoj vellanad fb post about the gender discrimination  faced by  junior doctors
Author
Thiruvananthapuram, First Published Aug 19, 2020, 7:45 PM IST

തിരുവനന്തപുരം: ഈ കൊവിഡ് കാലത്തും സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ രാപ്പകല്‍ അധ്യാനിക്കുകയാണ് കേരളത്തിലെ ലക്ഷക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍. എന്നാല്‍ ഇവരില്‍ പലരും നേരിടുന്നത് വലിയ തരത്തിലുള്ള ലിംഗ വിവേചനമാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഡോ മനോജ് വെള്ളനാടിന്റെ കുറിപ്പ്. നിരവധി പേരാണ് ആരോഗ്യപ്രവര്‍ത്തകരുടെ ദുരവസ്ഥയില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയാണ് പോസ്റ്റ്

തന്റെ സുഹൃത്തിന് ആരോഗ്യവകുപ്പിലെ ഒരു ജില്ലാതല മേധാവിയില്‍ നിന്ന് നേരിട്ട ചോദ്യമാണ് അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് ശമ്പളം എന്നായിരുന്നു ആ ചോദ്യമെന്ന് അദ്ദേഹം പറയുന്നു. ലോണെടുത്ത് കഷ്ടപ്പെട്ട് പഠിച്ചുവരുന്ന ജൂനിയര്‍ ഡോക്ടര്‍മാരോടാണ് ഇത്തരം ചോദ്യങ്ങളെന്നും എന്നാല്‍ തലയ്ക്ക് മുകളിലുള്ള ആരോഗ്യമന്ത്രി മുതല്‍ സഹ ഡിഎംഒമാര്‍ അടങ്ങുന്ന സ്ത്രീകളോട് ആദ്യം ഈ ഈ ചോദ്യം ചോദിക്കൂ എന്നും അദ്ദേഹം പറയുന്നു. 

''അധികാരത്തിന്റെ ചാരുകസേരയിലിരുന്നിട്ട് താഴോട്ട് നോക്കി പെണ്ണുങ്ങള്‍ക്കെന്തിനാ ശമ്പളമെന്ന് ചോദിക്കുന്നവര്‍ മേലോട്ട് കൂടി നോക്കി ഈ ചോദ്യം ചോദിക്കാന്‍ ധൈര്യം കാണിക്കണം...'' മനോജ് വെളളനാട് കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

''പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് ശമ്പളം..?''

കേരളത്തില്‍ ആരോഗ്യവകുപ്പിലെ ഒരു ജില്ലാതല മേധാവി ഒരു ജൂനിയര്‍ ഡോക്ടറോട് ചോദിച്ച ചോദ്യമാണ്. അതും കഴിഞ്ഞ രണ്ടു-മൂന്നുമാസമായി, കൃത്യമായി ഒരു തസ്തികയില്ലാതെ, ആരു പറയുന്ന എന്തുപണിയും ചെയ്യേണ്ടി വരുന്ന, കൊവിഡിന്റെ പേരില്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുന്ന ഒരു ജൂനിയര്‍ ഡോക്ടറോട്, അങ്ങനെയുള്ള ആയിരം ഡോക്ടര്‍മാരുടെ പ്രതിനിധിയായ ഒരു പെണ്‍കുട്ടിയോട് ഒരു ഡോക്ടര്‍ തന്നെ ചോദിച്ച ചോദ്യമാണ്.

ആ ആയിരം പേര്‍ക്കിടയില്‍ എനിക്ക് വളരെ അടുപ്പമുള്ള ഒരു പെണ്‍കുട്ടിയുടെ കാര്യം പറയാം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഏപ്രില്‍ മാസത്തില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കി, സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് ആരോഗ്യ വകുപ്പിന്റെ കൊവിഡ് ഡ്യൂട്ടിയില്‍ ജോയിന്‍ ചെയ്തതാണ്. അവള്‍ ലോണെടുത്താണ് പഠിച്ചത്. ലോണടയ്ക്കണം. വേറെയും കടങ്ങളുണ്ട്. അച്ഛന്‍ ഡ്രൈവറാണ്. കഴിഞ്ഞ 5 മാസമായി വരുമാനമില്ല. അനിയന്‍ വിദ്യാര്‍ത്ഥിയാണ്. വീട്ടിലെ ചെലവിനും ലോണടയ്ക്കാനും എല്ലാത്തിനും ഈ കുട്ടിയുടെ വരുമാനത്തിലാണ് നിലവില്‍ പ്രതീക്ഷ.

അങ്ങനെയുള്ള നിരവധി ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട് ആ കൂട്ടത്തില്‍. അവരോടാണീ മഹനീയ ചോദ്യം.

ഇനി ജോലിയുടെ സ്വഭാവം: സ്വന്തം ജില്ലയില്‍ തന്നെയാണ് പോസ്റ്റിംഗെങ്കിലും വീട്ടില്‍ പോകാനോ അവരെയൊക്കെ കാണാനോ നിര്‍വാഹമില്ല. ഏതെങ്കിലും ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യും. രണ്ടാഴ്ച കഴിഞ്ഞ്, ഒരാഴ്ച ക്വാറന്റൈന്‍. പിറ്റേന്ന്, വേറെവിടേലും ആയിരിക്കും ജോലി. PPE-ക്കിറ്റിനകത്തെ ജോലി, Covid പിടിപെടുമോയെന്ന ആശങ്ക, വേണ്ടപ്പെട്ടവരെ കാണാനാവാത്ത അവസ്ഥ, ഇതിനിടയില്‍ ശമ്പളം കൂടി കൊടുക്കാതിരുന്നാല്‍...? ജോലി ചെയ്ത, വാഗ്ദാനം ചെയ്ത, അര്‍ഹതപ്പെട്ട ശമ്പളം ചോദിക്കുമ്പോള്‍ അധികൃതര്‍ തന്നെ ഇമ്മാതിരി മനുഷ്യത്വരഹിതമായ ഡയലോഗു കൂടി പറഞ്ഞാല്‍...?

ശരിക്കും വെള്ളരിക്കാ പട്ടണം തന്നെ..!

അധികാരത്തിന്റെ ചാരുകസേരയിലിരുന്നിട്ട് താഴോട്ട് നോക്കി പെണ്ണുങ്ങള്‍ക്കെന്തിനാ ശമ്പളമെന്ന് ചോദിക്കുന്നവര്‍ മേലോട്ട് കൂടി നോക്കി ഈ ചോദ്യം ചോദിക്കാന്‍ ധൈര്യം കാണിക്കണം. ആരോഗ്യമന്ത്രി മുതല്‍ DHS - ഉം അഡീഷണല്‍ DHS - ഉം സഹ-DMO മാരോടും ഒക്കെ ആദ്യം ചോദിക്ക്, നിങ്ങള്‍ സ്ത്രീകള്‍ക്കെന്തിനാ ശമ്പളമെന്ന്.. എന്നിട്ട് പാവം പിള്ളേരെ വിരട്ടാം..

ഈ സര്‍ക്കാര്‍, കേവല രാഷ്ട്രീയത്തേക്കാള്‍ മൂല്യം മനുഷ്യത്വത്തിന് കല്‍പ്പിക്കുന്നുണ്ടെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നൊരാളാണ് ഞാന്‍. അങ്ങനെയെങ്കില്‍ 5 മാസമായി 50% ജോലി പോലും ചെയ്യാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്സവബത്തയും ബോണസും കൊടുക്കുന്നതിന് 1 ദിവസം മുമ്പെങ്കിലും ഈ കുട്ടികളുടെ ശമ്പളം കൊടുക്കണം. എന്റെ മാത്രമല്ല, അല്‍പ്പം മനുഷ്യത്വമുള്ള സകല മലയാളികളുടെയും അഭ്യര്‍ത്ഥനയാണിത്. അതാണ് ശരിയും.

മനോജ് വെളളനാട്

Follow Us:
Download App:
  • android
  • ios