കൊച്ചി: വൈറ്റില ജം​ഗ്ഷന് സമീപം മെട്രോ പില്ലറിൽ കുടുങ്ങിക്കിടന്ന് അ​ഗ്നിശമന സേനാം​ഗങ്ങളും പൊലീസിനേയും വെള്ളം കുടുപ്പിച്ച "മെട്രോ മിക്കി" എന്ന പൂച്ചക്കുഞ്ഞിനെ ദത്തെടുക്കാനായി എത്തുന്നത് നിരവധിപ്പേര്‍. പൂച്ചയുടെ അവകാശികള്‍ തങ്ങളാണെന്ന് വാദിച്ചും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടും ചിലർ രംഗത്തെത്തിയിട്ടുണ്ട്. പൂച്ചയെങ്ങനെ മെട്രോയിലെത്തി എന്ന ചോദ്യമുന്നയിച്ചതോടെ പലരുടെയും ഉത്തരം മുട്ടി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മെട്രോ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചക്കുട്ടിയെ ഫയർഫോഴ്സും മൃഗസ്നേഹികളും ചേർന്ന് താഴെയിറക്കിയത്. പനമ്പിള്ളി നഗറിലെ മൃഗാശുപത്രിയില്‍ ദത്തെടുക്കാനെത്തുന്നയാളെയും കാത്ത് കഴിയുകയാണ് മെട്രോ മിക്കിയിപ്പോള്‍.

മിക്കിയെ അതിസാഹസികമായി രക്ഷിച്ച അഗ്നിശമന സേനാംഗങ്ങളെ അഭിനന്ദിക്കാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് ഉള്‍പ്പെയുള്ള മൃഗസ്നേഹികളുമെത്തി. മനുഷ്യരോട് നന്നായി ഇണങ്ങുന്നതിനാല്‍ തെരുവില്‍ അലഞ്ഞുനടന്നിരുന്ന ഒരു സാധാരണ പൂച്ചയല്ലെന്നാണ് മൃഗസ്നേഹികളുടെ അനുമാനം.  സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് പൂച്ചയെങ്കനെയാണ് മെട്രോ സ്റ്റേഷനിലെത്തിയെന്നാണ് ഇനിയറിയേണ്ടത്. ആരെങ്കിലും കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നാണ് നിഗമനം. എന്തായാലും എത്രയും വേഗം മിക്കിക്ക് ഇണങ്ങുന്ന ഒരുടമയെ കണ്ടെത്തി അവളെ ആഘോഷപൂർവം ആ കൈകളിലേല്‍പിക്കാനാണ് അധികൃതരുടെ തീരുമാനം.

"