കണ്ണൂർ: ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അനാവശ്യ കമന്റിട്ടയാൾക്ക് ചുട്ട മറുപടി. കൊടുത്ത കണ്ണൂ‍ർ ജില്ലാ കളക്ടർ ടിവി സുഭാഷാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. കൊവി‍ഡ് വ്യാപനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പോസ്റ്റിലായിരുന്നു കളക്ടറെയും എസ്പിയെയും കളിയാക്കി അഫ്സൽ എന്നയാൾ കമന്റിട്ടത്.

രണ്ട് ദിവസം മുമ്പ് കളക്ടറിട്ട പോസ്റ്റിനു താഴെ അഫ്സൽ കെപി എന്നയാളാളൊരു ചളിയടിച്ചു. കളക്ട‍റുടെത് ഉരുളയ്ക്കുപ്പേരി മറുപടി. അഫ്സലിന്റെ ഉപദേശം സ്വീകരിക്കുന്നു. നേരിട്ടുവന്നാൽ താങ്കളെ എന്റെ സീറ്റിലിരുത്താം. നമ്പർ തന്നാൽ എസ്പിക്കും കൊടുക്കാം. ആ സ്ഥാനവും തരാൻ പറ്റിയാലോ.

പിന്നെ ചറപറ ലൈക്കായി കമന്റായി. ട്രോളൻമാർ കളക്ടർ ബ്രോയെ അങ്ങ് അങ്ങേറ്റെടുത്തു. നേരത്തെ പബ്ലിക് റിലേഷൻസ് ഡയറക്ടറായിരുന്ന കളക്ടർ ടിവി സുഭാഷിന് സോഷ്യൽ മീഡിയയുടെ സാധ്യത നന്നായറിയാം. സംഗതി എടങ്ങാറായതോടെ പോസ്റ്റ് മുതലാളി കണ്ടം വഴി ഓടിയെന്നാണ് കരക്കമ്പി.