വിയറ്റ്നാം: ബൈക്ക് ഓടിക്കുന്നതിനിടയിൽ പല അ‌ഭ്യാസങ്ങളും കാണിക്കുന്നവരുണ്ട്. എന്നാൽ ബൈക്കോടിക്കുമ്പോൾ കുളിക്കുന്നവര കാണുന്നത്  ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും. തെക്കൻ വിയറ്റ്നാമിലെ തിരക്കേറിയ റോഡിലാണ് യുവാക്കളുടെ വിചിത്രമായ ഈ അഭ്യാസം. വീഡിയോ ശ്രദ്ധയിൽ പെട്ടതിനെതുടർന്ന് പൊലീസ് ഇവർക്കെതിരെ പിഴ ചുമത്തി. ഇരുപത്തിമൂന്ന് വയസ്സുള്ള ഹുയിൻ തൻ ഖാനും സുഹൃത്തുമാണ് വീഡിയോയിലുള്ളത്. ദേശീയ മാധ്യമമായ ബിബിസിയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

"

ഇരുവരും ഷർട്ടോ ഹെൽമറ്റോ ധരിക്കാതെയാണ് ബൈക്കിൽ സഞ്ചരിക്കുന്നത്. ഇരുവർക്കും നടുവിലായി ഒരു ബക്കറ്റിൽ വെള്ളം വച്ചിരിക്കുന്നു. പുറകിലിരിക്കുന്ന വ്യക്തി കപ്പ് ഉപയോ​ഗിച്ച് വെള്ളം കോരി സ്വന്തം തലയിലും മുൻപിലിരിക്കുന്ന ആളുടെ തലയിലും ഒഴിച്ചു കൊടുക്കുന്നത‌ായി വീഡിയോയിൽ കാണാം. ഒരു കൈ കൊണ്ട് ഡ്രൈവ് ചെയ്ത് മറുകൈ കൊണ്ടാണ് ഒരാൾ തല കഴുകുന്നത്. വീഡിയോ കണ്ടവരെല്ലാം വൻ വിമർശനമാണ് ഉന്നയിക്കുന്നത്. തിരക്കേറിയ റോഡിലെ ഈ അഭ്യാസം വളരെയധികം അപകടകരമാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. 

ബൈക്കിന്റെ നമ്പർ ഉപയോ​ഗിച്ചാണ് ഇവർ ആരൊക്കെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ബൈക്ക് ഓടിക്കുന്നയാളുടെ പേര് ഹുയാൻ താൻഖാൻ എന്നാണ്. ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെയുള്ള ‍‍ഡ്രൈവിം​ഗ്, ഹെൽമറ്റ് ധരിച്ചില്ല, ബൈക്കിന് റിയർവ്യൂ മിറർ ഇല്ല, സിവിൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഇല്ല എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്ക് 5500 രൂപയാണ് പൊലീസ് പിഴ ചുമത്തിയത്.