ബ്രൂണേസ് അയേസ്: പാര്‍ലമെന്‍റിന്‍റെ സൂം മീറ്റിംഗിനിടെ കാമുകിയുമായി പ്രണയ ചേഷ്ടകളില്‍ ഏര്‍പ്പെട്ട പാര്‍ലമെന്‍റ് അംഗം രാജിവച്ചു. സംഭവം അരങ്ങേറിയത് അര്‍ജന്‍റീനയിലാണ്. ജുവാന്‍ എമിലിയോ അമേരി എന്ന 47കാരനാണ് എംപി സ്ഥാനം രാജിവച്ചത്. 

അര്‍ജന്‍റീനയിലെ കൊറോണ പ്രതിസന്ധി സംബന്ധിച്ച പ്രത്യേക ചര്‍ച്ചയ്ക്ക് വേണ്ടിയാണ് സൂം അപ്പിലൂടെ പാര്‍ലമെന്‍റ് ചേര്‍ന്നത്. ഇതിനിടെയാണ് ജുവാന്‍ എമിലിയോ അമേരി  കാമുകിയുടെ മാറിടത്തില്‍ ചുംബിക്കുകയും ചുംബനങ്ങള്‍ കൈമാറുകയും ചെയ്യുന്ന രംഗങ്ങള്‍ കയറി വന്നത്. ഇതിന്‍റെ രംഗങ്ങള്‍ രാജ്യത്ത് വലിയ ഒച്ചപ്പാട് ഉണ്ടാക്കിയതോടെയാണ് എംപി രാജിവച്ചത്.

ചുംബന രംഗങ്ങള്‍ കടന്നുവന്നതോടെ സൂം മീറ്റിംഗ് തല്‍ക്കാലം നിര്‍ത്തിവച്ച പാര്‍ലമെന്‍റിലെ പ്രസിഡന്‍റ് സെര്‍ജിയോ മാസ ഇത് ഗുരുതരമായ കുറ്റമെന്ന് കുറ്റപ്പെടുത്തി. അപ്പോള്‍ തന്നെ എംപിയെ 180 ദിവസത്തേക്ക് സഭയില്‍ നിന്നും സസ്പെന്‍റ് ചെയ്തു.

പിന്നീട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമേരി തന്‍റെ രാജി പ്രഖ്യാപിച്ചത്. അഭിമുഖത്തില്‍ കണ്ണീര്‍ വാര്‍ത്ത എംപി, സംഭവത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദി താനാണെന്നും, ഉടന്‍ രാജിവയ്ക്കുന്നുവെന്നും അറിയിച്ചു. സംഭവം ശരിക്കും തന്‍റെ മാനം നശിപ്പിച്ചെന്നും എംപി പരിതപിച്ചു.

ക്യാമറ ഓഫാണ് എന്ന് കരുതിയാണ് കാമുകിയുമായി അത്തരത്തില്‍ പെരുമാറിയത് എന്നാണ് എംപി പറയുന്നത്. അടുത്തിടെയാണ് കാമുകിക്ക് മാറിടത്തില്‍ ശസ്ത്രക്രിയ നടത്തിയത് എന്നും എംപി പറയുന്നു. തന്‍റെ പങ്കാളിയോടുള്ള സ്നേഹമാണ് പ്രകടിപ്പിച്ചത് പക്ഷെ അത് പൊതുവേദിയില്‍ ആയിപ്പോയത് ശരിക്കും തെറ്റാണെന്ന് എംപി ശരിവച്ചു.