കൊളംബോ: വിവാഹിതകളായ സ്ത്രീകളുടെ സൗന്ദര്യമത്സരമായ മിസിസ്സ് ശ്രീലങ്കയുടെ വേദിയിലെ നാടകീയ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. മത്സരത്തില്‍ വിജയം വരിച്ച പുഷ്പിക ഡിസില്‍വ വിജയിച്ച് കിരീടം നേടി മിനുട്ടുകള്‍ക്കുള്ളില്‍ കണ്ണീരോടെ വേദി വിടാനിടയാക്കിയ നാടകീയ സംഭവങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മത്സരത്തില്‍ വിജയിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പുഷ്പികയുടെ വിജയ കിരീടം ബലമായി തിരിച്ചെടുക്കുകയായിരുന്നു.

സംഭവം ഇങ്ങനെ, കഴിഞ്ഞ ഞായറാഴ്ചയാണ് കൊളംബോയില്‍ മിസിസ്സ് ശ്രീലങ്ക മത്സരം നടന്നത്. വിവിധ ഘട്ടങ്ങള്‍ക്ക് ശേഷം ജൂറി പുഷ്പകയെ വിജയിയായി പ്രഖ്യാപിച്ചു. മിസിസ്സ് വേള്‍ഡായ കരോലിനയാണ് പുഷ്പകയെ കിരീടം അണിയിച്ചത്. ഇതിന്‍റെ വിജയാഘോഷം നടക്കുന്നതിനിടെയാണ് കരോലിന വീണ്ടും വേദിയില്‍ എത്തി പുഷ്കയില്‍ നിന്നും ബലമായി കിരീടം തിരിച്ചെടുത്തത്.

പുഷ്പക വിവാഹമോചിതയാണ് എന്ന് അറിഞ്ഞതോടെയാണ് കിരീടം തിരിച്ചെടുത്തത്. ഉടന്‍ തന്നെ രണ്ടാം സ്ഥാനത്ത് എത്തിയ പെണ്‍കുട്ടിക്ക് കിരീടം സമ്മാനിക്കുകയും ചെയ്തു. ഇതോടെ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ പുഷ്പക ജൂറിക്ക് നന്ദി പറഞ്ഞ് വേദി വിട്ടു. എന്നാല്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച പുഷ്പക താന്‍ വിവാഹമോചിതയല്ലെന്നും, ഭര്‍ത്താവും താനും പിരിഞ്ഞു കഴിയുകയാണെന്നും അറിയിച്ചു.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച മിസിസ്സ് വേള്‍ഡ് ഐഎന്‍സി, നിലവിലെ മിസിസ്സ് വേള്‍ഡ് നടത്തിയ ഇടപെടല്‍ തീര്‍ത്തും അനവസരത്തിലും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് പറഞ്ഞു. അതേ സമയം മിസിസ്സ് വേള്‍ഡ് കരോലിന മാപ്പ് പറയണം എന്നാണ് മിസിസ്സ് ശ്രീലങ്ക സംഘാടകര്‍ ആവശ്യപ്പെട്ടത്.