കഴിഞ്ഞദിവസമാണ് തിരക്കേറിയ മുംബൈ ബാന്ദ്ര റിക്ലമേഷന്‍ റോഡിലൂടെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിക്കാതെ രണ്ടുപേര്‍ സഞ്ചരിച്ചത്.

മുംബൈ: ബാന്ദ്രയിലെ തിരക്കേറിയ റോഡില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡ് നിയമങ്ങള്‍ ലംഘിച്ച യുവതിക്കും യുവാവിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് മുംബൈ ബാന്ദ്ര മേഖല എംവിഡി അറിയിച്ചു. 

കഴിഞ്ഞദിവസമാണ് തിരക്കേറിയ മുംബൈ ബാന്ദ്ര റിക്ലമേഷന്‍ റോഡിലൂടെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിക്കാതെ രണ്ടുപേര്‍ സഞ്ചരിച്ചത്. യാത്രക്കിടെ ഇരുവരും പരസ്പരം ചുംബിക്കുന്ന വീഡിയോയും സോഷ്യല്‍മീഡിയകളിലുടെ പുറത്തുവന്നിരുന്നു. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയ ഇരുവരെയും അന്വേഷിക്കുകയും ചെയ്തു. അവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. മുംബൈ പൊലീസിനെ ടാഗ് ചെയ്തുമാണ് ഇത്തരമൊരു സ്‌കൂട്ടര്‍ യാത്രക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ചുംബിച്ചതിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെതിരെ കേസെടുക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

അടുത്ത കുറച്ചു കാലങ്ങളിലായി തിരക്കേറിയ റോഡുകളില്‍ ബൈക്കുകളില്‍ സഞ്ചരിച്ച് കമിതാക്കള്‍ തമ്മില്‍ ചുംബിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇവരും വീഡിയോ ചിത്രീകരിച്ചതെന്നും സൂചനയുണ്ട്. 

Scroll to load tweet…