Asianet News MalayalamAsianet News Malayalam

'കല്യാണം കഴിക്കുന്ന പെൺകുട്ടികൾ അമ്മയെപ്പോലെ പാചകം ചെയ്യുമെന്ന് ന്യൂജെന്‍ പയ്യന്മാർ കരുതുന്നതോടെ സീന്‍ കോണ്‍ട്ര'; വൈറലായി കുറിപ്പ്

മിക്സിയിൽ അരച്ചാൽ കറിക്ക് രുചിയില്ല, വാഷിങ് മെഷിനിൽ അലക്കിയാൽ തുണി വെളുക്കില്ല, ഫ്രിഡ്ജ് ഉപയോഗിച്ചാൽ ചത്തു പോകും, അമ്മ പൊള്ളിച്ച പപ്പടത്തിന്റെ രുചി ലോകത്തെവിടേം കിട്ടില്ലെന്നൊക്കെ പറയുന്ന പിന്തിരിപ്പൻ ചിന്താഗതിയെ അടിച്ചൊതുക്കണം

Muralee Thummarukudy's facebook post regarding new gen boys regarding cooking went viral
Author
Thiruvananthapuram, First Published Jul 9, 2019, 3:03 PM IST

കല്യാണം കഴിക്കുന്ന പെൺകുട്ടികൾ സ്വന്തം അമ്മയെപ്പോലെ പാചകം ചെയ്യുമെന്ന് ന്യൂജെന്‍ പയ്യന്മാർ കരുതുന്നു, ഇതോടെ സീൻ കോൺട്രയാവുന്നു.  കേരളത്തിലെ പുതിയ തലമുറ പാചകത്തിന്റെ കാര്യത്തിൽ പ്രതിസന്ധിയിൽ ആണെന്നും ഇതിനെ മറികടക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഐക്യരാഷ്ട്രസംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം തലവൻ  മുരളി തുമ്മാരുകുടി. 

ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതൽ പാചകത്തിന് ചിലവാക്കുന്നത് അധികപ്പറ്റാണെന്നാണ് മുരളി തുമ്മാരുകുടി നീരീക്ഷിക്കുന്നു. മിക്സിയിൽ അരച്ചാൽ കറിക്ക് രുചിയില്ല, വാഷിങ് മെഷിനിൽ അലക്കിയാൽ തുണി വെളുക്കില്ല, ഫ്രിഡ്ജ് ഉപയോഗിച്ചാൽ ചത്തു പോകും, അമ്മ പൊള്ളിച്ച പപ്പടത്തിന്റെ രുചി ലോകത്തെവിടേം കിട്ടില്ലെന്നൊക്കെ പറയുന്ന പിന്തിരിപ്പൻ ചിന്താഗതിയെ അടിച്ചൊതുക്കണമെന്നും മുരളി തുമ്മാരുകുടി പുതുതലമുറയിലെ  ആണ്‍കുട്ടികളോട് പറയുന്നു. നാലുനേരം വെച്ചുവിളമ്പി ഊട്ടേണ്ട ചുമതല വീട്ടിലുള്ള പെണ്ണുങ്ങളുടെയാണ്, എന്നൊക്കെ പറയുന്ന ന്യൂജെൻ ഇതൊന്നു വായിച്ചു നോക്കണമെന്നയാവശ്യത്തോടെയാണ് മുരളി തുമ്മാരുകുടിയുടെ കുറിപ്പ് 

മുരളി തുമ്മാരുകുടിയുടെ കുറിപ്പിന്‍റെ പൂർണരൂപം

പുതിയ തലമുറക്ക് ചില പാചക പാഠങ്ങൾ..

എഫ് എ സി ടി യിലെ കാന്റീൻ ജീവനക്കാരൻ ആയിരുന്നു അച്ഛൻ എന്ന് പറഞ്ഞിട്ടുണ്ടല്ലോ. എല്ലാ ദിവസവും അയ്യായിരത്തിൽ അധികം ആളുകൾക്ക് ഭക്ഷണം വച്ചുകൊടുക്കുന്ന ഉത്തരവാദിത്തം ഉണ്ടായിരുന്നു. അനവധി പാചകക്കാരും സഹായികളും ഒക്കെ ഉണ്ട് എന്നാലും പാചകം മുതൽ പാത്രം കഴുകുന്നത് വരെ ഉള്ള എല്ലാ പണികളും അച്ഛന് അറിയാമായിരുന്നു, നന്നായി ചെയ്തിരുന്നു. ബന്ധുവീടുകളിൽ കല്യാണമോ ഒക്കെ ഉണ്ടെങ്കിൽ സദ്യക്ക് അച്ഛൻ പച്ചക്കറി കഷ്ണം മുറിക്കുന്നത് കാണാൻ തന്നെ ആളുകൾ നോക്കി നിൽക്കുമായിരുന്നു. ഇത് ഞങ്ങളുടെ അച്ഛൻ ആണ് എന്ന ഗമയിൽ ഞങ്ങളും.

കാന്റീനിലും കല്യാണത്തിനും മാത്രമല്ല വീട്ടിലും പാചകം ചെയ്യുന്നതിൽ അച്ഛന് സന്തോഷമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു തന്നെ പാചകം ചെയ്യുന്നതും ചെയ്യേണ്ടതും സ്ത്രീകൾ ആണെന്നൊരു ചിന്ത ഒന്നും എനിക്ക് ഒരുകാലത്തും ഉണ്ടായിരുന്നില്ല. നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ ചായ ഉണ്ടാക്കുവാൻ നോക്കി എൻ്റെ കൈ പൊള്ളിയിട്ടുണ്ട്, എട്ടാം ക്‌ളാസ്സിൽ ആയപ്പോഴേക്കും ഒറ്റക്ക് ബ്രേക്ക് ഫാസ്റ്റ് ഒക്കെ ശരിയാക്കാനുള്ള പരിശീലനവും ആയിരുന്നു.

പക്ഷെ പാചകം ശരിക്ക് ചെയ്ത് തുടങ്ങിയത് ബോംബെയിൽ ജോലി ചെയ്ത് തുടങ്ങിയ കാലത്താണ്. കപ്പയും മീനും മുതൽ ബിരിയാണി വരെ എന്തും ഉണ്ടാക്കുമായിരുന്നു, രാജ്യം വിട്ടതോടെ പാചകവും അന്താരാഷ്ട്രം ആയി. ജനീവയിൽ ആരെങ്കിലും എത്തിയാൽ അവർക്ക് പാചകം ചെയ്തു കൊടുക്കുക എൻ്റെ ഹരമാണ്.

കേരളത്തിലെ പുതിയ തലമുറ പാചകത്തിന്റെ കാര്യത്തിൽ പ്രതിസന്ധിയിൽ ആണ്. ബഹുഭൂരിപക്ഷം വീടുകളിലും അമ്മമാരാണ് പാചകം നടത്തുന്നത്, , അവർ പുറത്ത് ജോലി ചെയ്യുന്നവർ ആണെങ്കിൽ കൂടി. അതേ സമയം ഈ അമ്മമാർ കുട്ടികളെ, അത് ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും, പാചകം ഒന്നും പഠിപ്പിക്കുന്നില്ല. കുട്ടികളെ പഠിപ്പിച്ച് ഡോക്ടറോ എഞ്ചിനീയറോ ഒക്കെ ആക്കുന്നതിൽ ആണ് ശ്രദ്ധ. അതേ സമയം പെൺ കുട്ടികൾക്ക് വിവാഹപ്രായം ആകുമ്പോൾ അവർ എഞ്ചിനീയറോ ഡോക്ടറോ ഒക്കെ ആണെങ്കിൽ പോലും "കുട്ടിക്ക് പാചകം ഒക്കെ അറിയാമോ" ചോദ്യം വരുന്നു. കല്യാണം കഴിക്കുന്ന പെൺകുട്ടികൾ സ്വന്തം അമ്മയെപ്പോലെ പാചകം ചെയ്യുമെന്ന് പയ്യന്മാർ കരുതുന്നു. സീൻ കോൺട്രാ ആകുന്നു.

അതുകൊണ്ടാണ് ഇന്ന് പാചകത്തെ പറ്റി പുതിയ തലമുറക്ക് കുറച്ച് ഉപദേശങ്ങൾ നൽകാം എന്ന് വിചാരിച്ചത്.

1. ഈ പാചകം എന്ന് വച്ചാൽ വലിയ സംഭവം ഒന്നുമല്ല. നന്നയി ഭക്ഷണം ഉണ്ടാക്കാൻ വിഷമവും ഇല്ല, ചീത്തയായി ഉണ്ടാക്കാൻ ആണ് വിഷമം. അതുകൊണ്ടു തന്നെ പാചകം ചെയ്യാൻ മടിയും വേണ്ട.

2. എല്ലാവരും, ആൺ കുട്ടികളും പെൺകുട്ടികളും, പ്രൊഫഷണൽസും സാധാരണക്കാരും, ഒക്കെ മിനിമം അറിഞ്ഞിരിക്കേണ്ട ലൈഫ് സ്കിൽ ആണ് പാചകം. ചെറുപ്പത്തിലേ പഠിച്ചു തുടങ്ങണം, പതിനെട്ട് വയസ്സാകുമ്പോഴേക്കും സ്വയം പര്യാപ്തത നേടണം.

3. പാചകത്തിന്റെ കാര്യത്തിൽ അമ്മയോട് മത്സരം വേണ്ട. 'അമ്മ തയ്യാറാക്കുന്നത് പോലെ വിഭവങ്ങൾ ഉണ്ടാക്കാൻ പോയാൽ കാലത്തും നമുക്ക് പാചകം ശരിയായി എന്ന് തോന്നില്ല.

4. പാചകം തുടങ്ങുന്നതിന് മുൻപ് പാചകം ചെയ്യാനുള്ള അടുപ്പ് മുതൽ കഷ്ണം മുറിക്കാനുള്ള കത്തി വരെ നല്ലതായി ഉണ്ടായിരിക്കണം. മൈക്രോവേവ് തൊട്ട് പ്രഷർ കുക്കർ വരെ സുരക്ഷിതമായി ഉപയോഗിക്കാൻ പഠിക്കുകയും വേണം.

5. പാചകം എന്നത് മാരത്തോൺ ഓട്ടം ഒന്നും ആക്കരുത്. ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതൽ പാചകത്തിന് ചിലവാക്കുന്നത് അധികപ്പറ്റാണ്.

6. അമ്മിയിൽ അരച്ച ചമ്മന്തിയുടെ പ്രത്യേക സ്വാദ്, മൈക്രോവേവ് ഓവനിൽ ഉണ്ടാക്കിയതിന് സ്വാദ് കുറയും എന്നൊക്കെ പറയുന്ന പിന്തിരിപ്പൻ ചിന്താഗതിയെ അടിച്ചൊതുക്കണം. ഇവർക്കൊന്നും ഒരു ബ്ലൈൻഡ് സാംപ്ലിങ് ടെസ്റ്റിൽ രണ്ടും തമ്മിലുള്ള മാറ്റം തിരിച്ചറിയാൻ കഴിയില്ല, ചുമ്മാ ആളുകളെ അടുക്കളയിൽ തളച്ചിടാനുള്ള വഴിയാണ്. വീഴരുത്.

7. നമുക്ക് ചുറ്റും കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചണ് പാചകം ചെയ്യേണ്ടത്. കറി വേപ്പില ഇല്ലാത്തതിനാൽ അവിയൽ ഉണ്ടാക്കാതിരിക്കരുത്.

8. മലയാളികളുടെ ന്യൂ ജൻ അടുക്കള സാമ്പാറും ബിരിയാണിയും ആയി ചുരുക്കരുത്. വാസ്തവത്തിൽ യഥാർത്ഥ ഭക്ഷണത്തിന്റെ രുചി മസാലകൊണ്ടു മറക്കുന്ന ഒരു തട്ടിപ്പ് വിദ്യയാണ് ഇന്ത്യൻ കുക്കിങ്. പച്ചക്കറി ആണെങ്കിലും മീനാണെങ്കിലും അതിന്റെ സ്വാഭാവികമായ സ്വാദിനെ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള അനവധി കുക്കിങ്ങ് രീതികൾ ലോകത്ത് ഉണ്ട് (നാരങ്ങാ നീര് പുരട്ടി പച്ചക്കു കഴിക്കുന്നത് ഉൾപ്പടെ). ചുമ്മാ ട്രൈ ചെയ്തു നോക്കണം സാർ..

9. പാചകം എന്നത് ക്രിയേറ്റിവിറ്റി ഉപയോഗിക്കാനും വളർത്താനും പറ്റിയ ഹോബിയാണ്. . ഓരോ ദിവസത്തെ പാചകത്തിലും എന്തെങ്കിലും ഒക്കെ പരീക്ഷണം നടത്തണം.

10. ചോറ് എന്നൊരു വസ്തുവിനെ മലയാളികളുടെ മെനുവിൽ നിന്നും ഓടിച്ചു വിട്ടാൽ ശരാശരി മലയാളിയുടെ ആയുർദൈർഘ്യം പത്തു ശതമാനം കൂടും, ചികിത്സാ ചിലവ് നാലിലൊന്നു കുറയുകയും ചെയ്യും. കേരളം ദരിദ്രമായിരുന്ന ഒരു കാലത്താണ് ഒരുപയോഗവും ഇല്ലാതെ ഈ കിട്ടുന്ന ചോറെല്ലാം അകത്താക്കി "വയർ നിറക്കുന്ന" സ്വഭാവം മലയാളിക്ക് ഉണ്ടായത്. ഇപ്പോൾ നമുക്ക് കൂടുതൽ പോഷകഗുണമുള്ള ആഹാരം കഴിക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ട്, അപ്പോൾ കുന്നുകണക്കിന് ചോറുണ്ണുന്നത് ഒഴിവാക്കി പഠിക്കണം.

 

Follow Us:
Download App:
  • android
  • ios