Asianet News MalayalamAsianet News Malayalam

മഹാഭാരതത്തിന്റെ ശീർഷകഗാനം പാടുന്ന മുസ്ലിം വയോധികന്റെ വീഡിയോ വൈറൽ; 'ഇന്ത്യയുടെ സൗന്ദര്യം' എന്ന് സോഷ്യൽ മീഡിയ

ഹിന്ദു മുസ്ലിം മതമൈത്രി ഇല്ലാതെയാക്കാനുള്ള കുത്സിത ശ്രമങ്ങൾ ബോധപൂർവം നടത്തപ്പെടുന്ന ഇക്കാലത്ത് ഈ ഗാനാലാപനത്തിന് മിഴിവേറെയാണ് എന്നും അഭിപ്രായം ഉയർന്നു. 

muslim man singing title song of mahabharat goes viral beauty of india lauds social media
Author
Delhi, First Published Sep 21, 2021, 3:30 PM IST

എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും ഞായറാഴ്ചകളിൽ ഇന്ത്യയിലെ ടെലിവിഷനുള്ള ഒരു വിധം വീടുകളുടെയെല്ലാം സ്വീകരണ മുറികളിൽ ആൾക്കൂട്ടമാണ്. അയൽവക്കത്തെ ടിവിയില്ലാത്ത വീടുകളിലെ ആബാലവൃദ്ധം ജനങ്ങളും മഹാഭാരതം സീരിയൽ തുടങ്ങുന്ന നേരമായാൽ അവിടെ ഒത്തുകൂടും. തെരുവുകൾ വിജനമാവും. ആ മഹാഭാരതം നൊസ്റ്റാൾജിയ നമ്മളെ എല്ലാവരെയും ഓർമിപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരിക്കുകയാണ്. 

ഡോ. എസ് വൈ ഖുറേഷി എന്ന, ഇന്ത്യയുടെ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെച്ച ഈ വീഡിയോയിൽ ഒരു മുസ്ലിം വയോധികൻ, മഹേന്ദ്രകപൂർ പാടി ജനഹൃദയങ്ങളിൽ ഇടം പിടിച്ച, "മഹാഭാരത് കഥ" എന്ന് തുടങ്ങുന്ന ആ ശീർഷക ഗാനം തികഞ്ഞ സ്ഫുടതയോടെ തന്നെ ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാം. ബി ആർ ചോപ്രയുടെ ഈ മിത്തോളജിക്കൽ മാഗ്നം ഓപ്പസിന്റെ ഐതിഹാസികമായ ആ അവതരണ ഗാനം പാടുക എന്നതിലുപരി ശംഖനാദം പോലുള്ള ഭാഗങ്ങളുടെ സ്‌പെഷ്യൽ ഇഫക്ടുകൾ കൂടി ഇട്ടുകൊണ്ട് അതുപോലെ പുനഃസൃഷ്ടിക്കുകയാണ് ഈ വൃദ്ധൻ ചെയ്യുന്നത്. "Beating the Stereotypes" എന്ന അടിക്കുറിപ്പോടെയാണ് ഖുറേഷി ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുള്ളത്.

 

 

വീഡിയോയിൽ ഈ ഗാനം ആസ്വദിച്ചുകൊണ്ടിരുന്നവരെ മാത്രമല്ല ഇദ്ദേഹത്തിന്റെ അവതരണം വിസ്മയിപ്പിച്ചത്. "I agree. Well done Maulana Saheb. Impressed." എന്നാണ് പ്രസിദ്ധ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ഇതിനെ റീട്വീറ്റ് ചെയ്തുകൊണ്ട് എഴുതിയത്.

മഹാഭാരതം എന്ന ഹൈന്ദവ ഇതിഹാസത്തെ ആധാരമാക്കിയുള്ള എപിക് മെഗാ സീരിയലിന്റെ തിരക്കഥ എഴുതിയത് റാഹി മാസൂം റാസ എന്ന മുസ്ലിം ആണ് എന്നും ഒരാൾ ഓർമിപ്പിച്ചു. ഗായകന്റെ സംസ്‌കൃത ഉച്ചാരണം എത്ര കൃത്യമാണ് എന്നും ചിലർ എഴുതി. ഹിന്ദു മുസ്ലിം മതമൈത്രി ഇല്ലാതെയാക്കാനുള്ള കുത്സിത ശ്രമങ്ങൾ ബോധപൂർവം നടത്തപ്പെടുന്ന ഇക്കാലത്ത് ഈ ഗാനാലാപനത്തിന് മിഴിവേറെയാണ് എന്നും അഭിപ്രായം ഉയർന്നു. 

 

Follow Us:
Download App:
  • android
  • ios