Asianet News MalayalamAsianet News Malayalam

'മത്തിയാണെങ്കിൽ 5 എണ്ണം, ചോറ് നേരത്തേ കിട്ടും'; അബ്കാരി കേസിൽ പുറത്തിറങ്ങിയ യൂട്യൂബറുടെ 'ജയിൽ റിവ്യൂ' വൈറൽ

കേസിനെക്കുറിച്ചും, ജയിൽ ജീവിതത്തെ കുറിച്ചും, ഒരു ദിവസത്തെ ജയിലിലെ ദിനചര്യകളും വിവരിക്കുന്ന വീഡിയോയിൽ രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ ചെയ്യേണ്ട കാര്യങ്ങളെല്ലാം നാടൻ ബ്ലോഗർ വിശദീകരിക്കുന്നുണ്ട്.

naadan blogger yutuber jail review video goes viral in social media vkv
Author
First Published Dec 15, 2023, 9:23 PM IST

പാലക്കാട്:  യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും എക്സൈസ് പിടികൂടിയ യൂട്യൂബറുടെ 'ജയിൽ റിവ്യൂ' സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ചെർപ്പുളശ്ശേരി - തൂത നെച്ചിക്കോട്ടിൽ അക്ഷജിനെ(21)യാണ് എക്‌സൈസ് സംഘം നംവബർ ആറിന് അറസ്റ്റ് ചെയ്തത്. യൂട്യൂബ് ചാനലായ 'നാടൻ ബ്ലോഗർ' വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനുമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു.

10 ദിവസത്തെ ജയിൽ നിന്നിറങ്ങിയതിന് പിന്നാലെ അക്ഷജ് ചെയ്ത ജയിൽ റിവ്യൂ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കേസിനെക്കുറിച്ചും, ജയിൽ ജീവിതത്തെ കുറിച്ചും, ഒരു ദിവസത്തെ ജയിലിലെ ദിനചര്യകളും വിവരിക്കുന്ന വീഡിയോയിൽ രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ ചെയ്യേണ്ട കാര്യങ്ങളെല്ലാം നാടൻ ബ്ലോഗർ വിശദീകരിക്കുന്നുണ്ട്. ജയിലിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തക്കുറിച്ചും ഇയാള്‍ വിശദീകരിക്കുന്നുണ്ട്. ആരും ജയിലിലേക്ക് പോകേണ്ട, അതിന് വേണ്ടിയല്ല ഈ വീഡിയോ എന്ന് പറഞ്ഞാണ് ഇയാള്‍ ജയിൽ ജീവിതം വിശദീകരിക്കുന്നത്.

'രാവിലെ ആറ് മണിക്ക് എഴുനേൽക്കണം, വരിയായി നിരത്തി നിർത്തി കണക്കെടുക്കും. രാവിലെ ആറരയ്ക്ക് ചായ കിട്ടും, അതിന്‍റെ ക്വാളിറ്റി ഒന്നും നോക്കണ്ട, ഒരുപാട് പേർക്ക് കൊടുക്കണ്ടേ. ഏഴ് മണിക്ക് കുളിക്കാനുള്ള സമയമാണ്. പിന്നെ സെല്ലിൽ കയറണം. എട്ട് മണിക്ക് രാവിലത്തെ ഭക്ഷണം, ചപ്പാത്തി ആണെങ്കിൽ എട്ടരയാകും. ചപ്പാത്തി മൂന്നെണ്ണം, അല്ലെങ്കിൽ റവ ഉപ്പുമാവ്, ഗ്രീൻ പീസ് കറി ആണ് കിട്ടുക. ഇഡലി ആണെങ്കിൽ 5 എണ്ണം, കറിയായി സാമ്പാറ് ഉണ്ടാകും. പിന്നെ സുഖമായി ഉറങ്ങാം'.

കൃത്യം 12 മണിക്ക്  ഉദ്യോഗസ്ഥർ വരും, പ്ലേറ്റുമായി പോയി ചോറ് വാങ്ങണം. മീനാണെങ്കിൽ വലിയ ഒരു അയില, മത്തി ആണെങ്കിൽ 5 എണ്ണം ഉണ്ടാകും. പിന്നെ തോരനും കറിയുമൊക്കെ. പിന്നെ രണ്ട് മണിക്ക് ചായ കിട്ടും. മൂന്ന് മണിക്ക് ബ്രേക്ക് ഉണ്ട്, അത് കഴിഞ്ഞ് സെല്ലിൽ കയറണം. 4 മണിക്ക് വൈകിട്ടത്തെ ഫുഡ് തരും. ചോറും രസവും അച്ചാറും ആണ്. ചില ദിവസം സാമ്പാറും, കപ്പയും മീൻ കറിയും ഉണ്ടാകും. ഇത് രാത്രി 7 മണിക്ക് കഴിക്കും. ജയിലിൽ കാരംസും ചെയ്യും ഒക്കെയുണ്ട്. അത് കഴിഞ്ഞ് 9 മണിയോടെ കിടന്നുറങ്ങും. സെക്യൂരിറ്റി പ്രശ്നങ്ങളാൽ ലൈറ്റ് ഓഫ് ചെയ്യില്ല. ജയിലിൽ പോകുമെന്ന് ഒരിക്കലും കരുതിയില്ല. ജയിലിലെ കാര്യങ്ങൾ പറഞ്ഞത് ആരും ജയിലിലേക്ക് പോകാൻ വേണ്ടിയല്ല' -അക്ഷജ് വീഡിയോയിൽ പറയുന്നു.

മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്ന പാരാതി ലഭിച്ചതിനെ തുടർന്നാണ് ചെർപ്പുളശ്ശേരി റെയ്ഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ അക്ഷജിന്റെ വീട്ടിൽ പരിശോധന നടത്തുന്നത്. വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, ശബ്ദം റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച നോയ്സ് റിഡക്ഷൻ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിനും റെക്കോർഡ് ചെയ്ത വീഡിയോകളും വീഡിയോ ഫൂട്ടേജുകളും സൂക്ഷിക്കുന്നതിനും ഉപയോഗിച്ച ലാപ്പ്ടോപ്പ് എന്നിവ എക്സൈസ് ഇയാളുടെ വീട്ടിൽ നിന്നും പിടികൂടിയിരുന്നു. തുടർന്ന് വീട് പരിശോധിച്ചതിൽ അനധികൃതമായി വൈൻ നിർമ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റർ വാഷ് മിശ്രിതവും 5 ലിറ്റർ വൈനും കണ്ടെത്തിയിരുന്നു.

Read More : പത്മകുമാറിന് പുതിയ സെൽ, ഒപ്പം ഡോ. വന്ദനയെ വധിച്ച സന്ദീപ്, ഇന്ന് ജീവനൊടുക്കിയ ശ്രീമഹേഷ് കഴിഞ്ഞതും ഇതേ സെല്ലിൽ!

Follow Us:
Download App:
  • android
  • ios