ചെന്നൈ: നരേന്ദ്ര മോദിയെ പിന്തള്ളി ട്വിറ്റര്‍ ട്രെന്റിംഗില്‍ ഒന്നാമതെത്തിയ നേശാമണി ആരാണ്? സാമൂഹ്യ മാധ്യമങ്ങള്‍ ഇപ്പോള്‍ ഈ ചോദ്യത്തിന് പിന്നാലെയാണ്. നേശാമണിയെ തെരഞ്ഞ് ചെല്ലുന്നവര്‍ എത്തി നില്‍ക്കുക ചുറ്റികയിലാണ്! അതെ ചുറ്റിക തന്നെ. ഫ്രണ്ട്സ് സിനിമയില്‍ ജഗതി ശ്രീകുമാറിന്‍റെ തലയില്‍ വീണ അതേ ചുറ്റിക. 

#pray for Nesamani എന്ന ഹാഷ്ടാഗാണ് ഇപ്പോള്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നത്. മോദിയെ ട്വിറ്റര്‍ ട്രെന്റിംഗില്‍ പിന്തള്ളിയ നേശാമണി ആരാണെന്നും അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്നും അറിയണമെങ്കില്‍ തമിഴ് സിനിമ ഫ്രണ്ട്സിലെ രംഗങ്ങള്‍ ഒന്ന് റീവൈന്‍ഡ് ചെയ്യേണ്ടി വരും.

നേശാമണി ട്രെന്‍ഡിങ് ആയ കഥ ഇങ്ങനെ

പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഒരു ട്രോള്‍ പേജില്‍ ഒരു കൂട്ടം സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ ചുറ്റികയുടെ ചിത്രത്തിനൊപ്പം ആ വസ്തുവിന് നിങ്ങളുടെ രാജ്യത്ത് എന്താണ് പറയുന്നതെന്ന ചോദ്യവും പങ്കുവെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചോദ്യം ശ്രദ്ധയില്‍പ്പെട്ട ഒരു  വടിവേലു ആരാധകന്‍ ചുറ്റികയെ തമിഴ് സിനിമയായ 'ഫ്രണ്ടസി'ലെ വടിവേലു അവതരിപ്പിച്ച നേശാമണി എന്ന കഥാപാത്രവുമായി ബന്ധിപ്പിച്ചു.

ചുറ്റിക തലയില്‍ വീണ് നേശാമണിക്ക് പരിക്ക് പറ്റിയെന്ന് ആരാധകന്‍ കുറിച്ചതോടെ കമന്‍റുകളുമായി നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ രംഗത്തെത്തി. ചുറ്റിക തലയില്‍ വീണ നേശാമണിയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള ഹാഷ്ടാഗും ട്വിറ്ററില്‍ പ്രചരിച്ചു. ഇതോടെ സുഖവിവരം അന്വേഷിച്ചുള്ള ചോദ്യങ്ങളും പ്രാര്‍ത്ഥനകളുമായി നേശാമണി ഹിറ്റായി.

ട്വിറ്ററില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നരേന്ദ്ര മോദിയെ പിന്തള്ളി നേശാമണി ട്വിറ്ററില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.