മോസ്കോ: കഴിഞ്ഞ മെയ് മാസത്തില്‍ റഷ്യയില്‍ 41 പേര്‍ മരണപ്പെട്ട വിമാന ദുരന്തത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസമാണ്  മോസ്കോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നയുടനെ ഇടിമിന്നലേറ്റ് തകര്‍ന്ന വിമാനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.  2019 മെയ് 5 നായിരുന്നു വിമാന ദുരന്തം.

നേരത്തെ അപകടത്തിന് തൊട്ടുമുന്‍പ് എയർട്രാഫിക് കൺട്രോളറും റഷ്യൻ‌ എയർലെയ്ൻ പൈലറ്റും തമ്മിൽ സംസാരിക്കുന്നതിന്‍റെ ഓഡിയോ രാജ്യാന്തര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. അപകടം സംഭവിക്കുന്നതിന്‍റെ തൊട്ടുമുൻപ് പൈലറ്റ് അടിയന്തര സഹായം തേടിയിരുന്നു. 

വിമാനത്തിനു ഇടിമിന്നലിൽ കാര്യമായ പ്രശ്നങ്ങൾ നേരിട്ടെന്നും അടിയന്തരമായി നിലത്തിറക്കാൻ അനുവദിക്കണമെന്നുമാണ് പൈലറ്റ് ആവശ്യപ്പെട്ടത്.  ലാൻഡ് ചെയ്യും മുൻപെ തന്നെ വിമാനത്തിനു തീപിടിക്കുകയായിരുന്നു.78 പേരുമായി എയ്റോഫ്ലോട്ട് സുഖോയ് സൂപ്പർജെറ്റ് 100 വിമാനം ടേക്ക് ഓഫ് ചെയ്ത് 30 മിനിറ്റിനു ശേഷമാണ് അപകടം സംഭവിക്കുന്നത്.