Asianet News MalayalamAsianet News Malayalam

കേരളത്തിൽ ഒരു പ്രാദേശിക ഹർത്താൽ പോലും ഇല്ലാത്ത 129 ദിനങ്ങള്‍

2016-ന് ശേഷം കേരളത്തിൽ ഒരു പ്രാദേശിക ഹർത്താൽ പോലും ഇല്ലാത്ത 3 മാസം പൂര്‍ത്തിയാകുന്നത് ആദ്യമായാണ്. ഈ വര്‍ഷം ആറുമാസം പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ പ്രാദേശിക ഹര്‍ത്താല്‍ അടക്കം ഉണ്ടായത് 5 ഹർത്താലുകൾ മാത്രം.

No harthal in kerala last 129 days
Author
Kerala, First Published Jun 30, 2019, 3:27 PM IST

കൊച്ചി: കേരളത്തില്‍ ഹര്‍ത്താലുകള്‍ ഇല്ലാതെ നാല് മാസവും 9 ദിവസവും. കേരളത്തിൽ ഒരു പ്രാദേശിക ഹർത്താൽ പോലും ഇല്ലാത്ത നാല് മാസം അപൂര്‍വ്വമാണ്. ക‍ൃത്യമായി കേരളത്തില്‍ പ്രാദേശികമായി പോലും ഹർത്താൽ ഇല്ലാത്ത 129-ാമത്തെ ദിവസമാണിന്ന്. ഇതില്‍ തന്നെ 2016-ന് ശേഷം ഇത് ആദ്യമായാണ് ഒരു ഹര്‍ത്താല്‍ പോലും ഇല്ലാതെ 3 മാസം (ഏപ്രില്‍, മെയ്, ജൂണ്‍) പൂര്‍ത്തിയാക്കുന്നത്. ഹര്‍ത്താല്‍ വിരുദ്ധ സംഘടനയായ say no to harthal പ്രവര്‍ത്തകനായ മനോജ് രവീന്ദ്രന്‍ ഇത് സംബന്ധിച്ച് ചില കണക്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിലെ വിവരങ്ങള്‍ ഇങ്ങനെ:

2016-ന് ശേഷം കേരളത്തിൽ ഒരു പ്രാദേശിക ഹർത്താൽ പോലും ഇല്ലാത്ത 3 മാസം പൂര്‍ത്തിയാകുന്നത് ആദ്യമായാണ്. ഈ വര്‍ഷം ആറുമാസം പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ പ്രാദേശിക ഹര്‍ത്താല്‍ അടക്കം ഉണ്ടായത് 5 ഹർത്താലുകൾ മാത്രം.  ഇതില്‍ ജനുവരിയില്‍ 3 ഹര്‍ത്താല്‍ നടന്നപ്പോള്‍ ഫെബ്രുവരിയിലും മാര്‍ച്ചിലും ഒരോ വീതം ഹര്‍ത്താല്‍ മാത്രമാണ് ഉണ്ടായത്. അവസാനമായി ഹർത്താൽ നടന്നത് മാർച്ച് 3 നാണ് കൊല്ലത്തെ ചിതറ പഞ്ചായത്തിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നതിന്‍റെ പേരിലുള്ള പ്രാദേശിക ഹർത്താൽ നടന്നത്.

എന്നാല്‍ ആറ് മാസത്തില്‍ 5 ഹര്‍ത്താല്‍ എന്നത് വലിയ മാറ്റമാണ് എന്നാണ് മുന്‍ വര്‍ഷ കണക്കുകള്‍ പറയുന്നത്. 2017-ൽ ആദ്യ 6 മാസങ്ങളിൽ കേരളത്തിൽ നടന്നത് 73 ഹർത്താലുകളാണ്.  2018ൽ ആദ്യ 6 മാസങ്ങളിൽ കേരളത്തിൽ നടന്നത് 53 ഹർത്താലുകളാണ്. ഇത് വച്ച് നോക്കുമ്പോള്‍ ഹര്‍ത്താലുകളുടെ കുറവ് വലിയ മാറ്റമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. 

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് വന്നതും. ഹര്‍ത്താലിന്‍റെ കാര്യത്തില്‍ ഹൈക്കോടതി സുപ്രധാന ഇടക്കാല വിധി വന്നതും ഹര്‍ത്താല്‍ കുറയാന്‍ കാരണമായിരിക്കാം എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. 7 ദിവസം മുന്നേ നോട്ടീസ് കൊടുക്കാതെ ഹർത്താൽ ആഹ്വാനം ചെയ്യാൻ പാടില്ലെന്ന ഹൈക്കോടതി ഇടക്കാല വിധി വന്നതിന് ശേഷം രണ്ട് ഹർത്താലുകൾ മാത്രമാണ് നടന്നത്. അതിലൊന്ന് ആഹ്വാനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസിനെതിരെ കോടതി കേസ് എടുക്കുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios