കോഴിക്കോട്: ജ്യൂസ് കഴിക്കാന്‍ പാടില്ലെന്ന ഇസ്ലാം മതപ്രഭാഷകന്‍റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇകെ സുന്നി വിഭാഗം മതപ്രഭാഷകനായ  റഹ്മത്തുള്ള ഖാസിമി മുത്തേടത്തിന്‍റെ വാക്കുകളാണ്  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും ട്രോളുമാകുന്നത്. ജ്യൂസ് കൊണ്ട് വന്നത് ജ്വ്യൂസ് അഥവ ജൂതന്മാരാണെന്നും, അവര്‍ നമ്മുടെ ശത്രുക്കളാണെന്നുമാണ് പ്രസംഗത്തില്‍ പറയുന്നത്.

"തിന്നുന്നത് എന്ത് വേണം പറ ചവച്ച് കുടിക്കണം, ജ്യൂസ് കുടിക്കരുത്, പഴം യാതൊരു കാരണവശാലും വെള്ളത്തിനോട് യോജിക്കില്ല. ജ്വ്യൂസ് ജ്വ്യൂസ് എന്നൊരു വര്‍ഗമുണ്ടല്ലോ അവര് നമ്മുടെ ശത്രുക്കളല്ലെ. അവരാണ്, അവരില്‍ നിന്നാണ് ജ്യൂസ് ഉണ്ടായത്. ജ്വ്യൂസ് ജൂതന്മാര്‍" - ഇപ്പോള്‍ വൈറലാകുന്ന പ്രസംഗത്തിന്‍റെ പ്രധാന ഭാഗം ഇങ്ങനെ.

"ജ്യൂസ് കൊണ്ട് വന്നത് ആരാ ജ്വ്യൂസ് ജ്യൂസ് പണ്ട് ഉണ്ടായിരുന്നില്ല. മിഡില്‍ ഈസ്റ്റില്‍ ജ്യൂസ് കൊണ്ട് വന്നത് ആരാ ജ്വ്യൂസ്, ജൂതന്മാര്‍, ജ്യൂസ് കഴിക്കാനെ പാടില്ല"  മുക്കം ഖുറാന്‍ സ്റ്റഡി സെന്ററിന്‍റെ വീഡിയോ റഹ്മത്തുള്ള ഖാസിമി മുത്തേടത്ത് എടക്കരയിലെ പള്ളിപ്പടി ഓഡിറ്റോറിയത്തില്‍  നടത്തിയ പ്രഭാഷണത്തില്‍ നിന്നാണ് എന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്.