കൊവിഡ് 19  വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ ബാസ്കറ്റ്ബോളില്‍ കഴിവ് പരീക്ഷിച്ച് ഒരു കൂട്ടം കന്യാസ്ത്രീകള്‍. സ്പെയിനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സ്പെയിനിലെ സെവില്ലെ എന്ന സ്ഥലത്തെ സാന്‍ ലിയനാഡോ കോണ്‍വെന്‍റിലെ കന്യാസ്ത്രീമാരാണ് വിഡിയോയിലുളളത്. 

ബാസ്കറ്റ് ചെയ്യാനുള്ള കന്യാസ്ത്രീകളടെ ശ്രമങ്ങള്‍ക്ക് ആര്‍ത്ത് വിളിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട് കൂടെയുള്ളവര്‍. നിരവധിപ്പേരാണ് കന്യാസ്ത്രീകളെ അഭിനന്ദിച്ച് വീഡിയോയോട് പ്രതികരിക്കുന്നത്. നാല് നൂറ്റാണ്ടിലേറെയായി ഒരു പ്രത്യേകയിനം മധുരപലഹാരമുണ്ടാക്കുന്നതില്‍ ഏറെ പ്രശസ്തമാണ് സെവില്ലെയിലെ കന്യാസ്ത്രീകള്‍.

കൊറോണ വൈറസിന്‍റെ വ്യാപനം കൂടിയതോടെ മധുരപലഹാര നിര്‍മ്മാണം നിലച്ചു. ഇതോടെ കൊവിഡ് 19 പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി മാസ്കുകള്‍ നിര്‍മ്മിക്കുകയാണ് ഇവര്‍. മാസ്കു നിര്‍മ്മാണത്തിന് ഇടയിലെ ഇടവേളയിലാണ് ബാസ്കറ്റ്ബോള്‍ കോര്‍ട്ടിലെ അടിപൊളി പെര്‍ഫോമന്‍സ്.