കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് അംഗൻവാടി മുതൽ 7–ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ‌ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് 31 വരെയാണ് അവധി നൽകിയിരിക്കുന്നത്. വേനലവധി നേരത്തെ ലഭിച്ച സന്തോഷത്തിലാണ് ഭൂരിഭാ​ഗം കുട്ടികളും. ഇതിനിടെ, സ്കൂളിൽ പോകാൻ സാധിക്കാത്തതിനാൽ പൊട്ടിക്കരയുന്ന ഒരു കുഞ്ഞിന്റെ വീ‍ഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ടീച്ചറിനെ കാണണമെന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് ഈ കുഞ്ഞു പെൺകുട്ടി. ടീച്ചറിനെ കാണാൻ എവിടെ പോകണമെന്ന് അമ്മ ചോദിക്കുമ്പോൾ, നഴ്സറിയിൽ പോകണമെന്ന് പറഞ്ഞ് കരയുന്ന കുട്ടിയെ വീഡിയോയിൽ കാണാൻ സാധിക്കും. സ്കൂൾ പൂട്ടിയിരിക്കുകയാണെന്നും ടീച്ചർ വരില്ലെന്നുെമൊക്കെ പറഞ്ഞ് കുഞ്ഞിനെ അമ്മ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിലൊന്നും ഒരു രക്ഷയുമില്ല.

കേരളത്തിലെ ഓരോ വിദ്യാർഥിനിയുടെയും പ്രതിനിധി ഇവിടിരുന്ന് വാവിട്ട് കരയുന്നു എന്ന് അമ്മ പറയുന്നതും വിഡിയോയിൽ കേൾ‌ക്കാം. എന്തായാലും ടീച്ചറിനെ കാണാൻ നഴ്സറിയിൽ പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുമോളുടെ വീഡിയോ ഇതിനോടകം തന്നെ സൈബർ ലോകം ഏറ്റെടുത്തുക്കഴിഞ്ഞു. 

"