ചെന്നൈ: നടന്‍ വിജയ് നായകനാകുന്ന മാസ്റ്റര്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി തിയറ്ററില്‍ 100 ശതമാനം ആളുകളെ കയറ്റാം എന്ന് തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്. നേരത്തെ നടൻ വിജയുമായി തമിഴ്നാട് മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച്ചക്ക്​ പിന്നാലെയാണ് തിയറ്ററുകൾ പൂർണമായി തുറക്കുമെന്ന്​ പ്രഖ്യാപനവുമായി തമിഴ്നാട്​ സർക്കാർ രംഗത്തെത്തിയത്. ഈ അവസരത്തിൽ ഒരു ഡോക്ടർ വിജയ്ക്കും തമിഴ്നാട് സർക്കാരിനും നടന്‍ സിമ്പുവിനും എഴുതിയ കത്ത് ചര്‍ച്ചയാകുകയാണ്. പോണ്ടിച്ചേരി സ്വദേശിയായ അരവിന്ദ് ശ്രീനിവാസ് എന്ന ഡോക്ടറാണ് കത്ത് എഴുതിയിരിക്കുന്നത്.

കത്തിന്‍റെ ഭാഗം ഇങ്ങനെ

പ്രിയ നടൻ വിജയ് സാറിന്, സിലംബരസൻ സാറിന്, ബഹുമാന്യരായ തമിഴ്നാട് സര്‍ക്കാറിന്,

ഞാന്‍ തളര്‍ന്നിരിക്കുന്നു. ഞങ്ങൾ എല്ലാം തളര്‍ന്നിരിക്കുകയാണ്. എന്നെപ്പോലുള്ള ആയിരക്കണക്കിന് ഡോക്ടർമാരും. ആരോഗ്യ പ്രവർത്തകരും, പോലീസ് ഉദ്യോഗസ്ഥരും, ശുചീകരണ തൊഴിലാളികൾ തളര്‍ന്നിരിക്കുകയാണ് മഹാമാരിയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരമാവധി കുറയ്ക്കാൻ അടിത്തട്ടില്‍ നിന്നും പരമാവധി പ്രയത്നിക്കുകയാണ് ഞങ്ങൾ. ഞങ്ങളുടെ ജോലിയെ ഞാൻ മഹത്വവത്കരിക്കുന്നില്ല, കാരണം അതിന് ചിലപ്പോള്‍ വലിയ പ്രധാന്യമുള്ളതായി കാണുന്നയാള്‍ക്ക് അനുഭവപ്പെടണമെന്നില്ല. ഞങ്ങൾക്ക് മുന്നിൽ ക്യാമറകളില്ല. ഞങ്ങൾ സ്റ്റണ്ട് സീക്വൻസുകൾ ചെയ്യില്ല. ഞങ്ങൾ ഹീറോകളല്ല. എന്നാൽ ശ്വസിക്കാൻ കുറച്ച് സമയം ഞങ്ങൾ അർഹിക്കുന്നു. ആരുടെയെങ്കിലും സ്വാർത്ഥതയ്ക്കും അത്യാഗ്രഹത്തിനും ഇരയാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

മഹാമാരി ഇനിയും അവസാനിച്ചിട്ടില്ല. ഈ ദിവസം വരെ രോഗം ബാധിച്ച് ആളുകൾ മരിക്കുന്നു. തിയേറ്ററുകളിൽ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള​ തീരുമാനം ആത്മഹത്യാപരമാണ്. ഇത് നരഹത്യയാണ്, കാരണം തീരുമാനം എടുക്കുന്നവരോ നായകന്മാരോ ആരും തന്നെ ജനക്കൂട്ടത്തിനിടയിലിരുന്ന് സിനിമ കണ്ട് സ്വന്തം ജീവൻ അപകടത്തിലാക്കുമെന്ന് തോന്നുന്നില്ല. ഇത് നഗ്നമായ ഒരു ബാർട്ടർ സംവിധാനമാണ്, പണത്തിനായി ജീവിതം വ്യാപാരം ചെയ്യുന്നു.

നമുക്ക് പതുക്കെ പതുക്കെ ശ്രമിച്ച് നമ്മുടെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സമാധാനപരമായി ഈ മഹാമാരിയെ മറികടക്കാനും സാധിക്കില്ലേ? ഈ കുറിപ്പ് ശാസ്ത്രീയമാക്കാനും നാം എന്തുകൊണ്ടാണ് ഇപ്പോഴും അപകടത്തിലായിരിക്കുന്നത് എന്ന് വിശദീകരിക്കാനും ഞാൻ ആഗ്രഹിച്ചു. പക്ഷെ അതുകൊണ്ട് എന്താണ് കാര്യം എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.

വിജയ്‌ നായകനാകുന്ന ‘മാസ്റ്റർ’ ഈ മാസം 13 ന് തിയറ്ററിലെത്തുന്നത്. വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും വേഷമിടുന്നുണ്ട്. രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ എന്നിവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Dear Actor Vijay sir, Silambarasan sir and the respected Govt. of TamilNadu, I am tired. We are all tired. Thousands...

Posted by Aravinth Srinivas on Monday, 4 January 2021