ജയറാം നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം 'മാളൂട്ടി' എന്ന ചിത്രത്തിലെ മാളൂട്ടിയെ ഓർമ്മയില്ലേ? വെള്ളയുടുപ്പും ഷൂസുമൊക്കെ ധരിച്ച് നായ്കുട്ടിക്കൊപ്പം ബോൾ തട്ടി കളിക്കുന്ന കുസൃതികാരി പെൺകുട്ടി. ബേബി ശാമിലി അവതരിപ്പിച്ച മാളൂട്ടിയെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. മാളൂട്ടിയിലെ ചില രം​ഗങ്ങൾ ഓർമ്മിപ്പിക്കുന്നൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

അപകടത്തിൽനിന്ന് രക്ഷപ്പെടുത്തുന്ന നായകളുടെ വീഡിയോ ഇതിന് മുമ്പും നമ്മൾ കണ്ടിട്ടുണ്ട്. മനുഷ്യനെപൊലെ ബുദ്ധിയും സ്നേഹവും കടപ്പാടും നായയ്ക്കുമുണ്ടെന്ന് നമ്മള്‍ പറയാറുണ്ട്. അത് തെളിയിക്കുന്നൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഫിസിക്‌സ് ആസ്‌ട്രോണമി ഡോട്ട് ഒആര്‍ജി എന്ന ട്വിറ്റര്‍ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ കാഴ്ചക്കാരുടെ മനംകവരുകയാണ്.

പുഴയിൽ വീണ പന്തെടുക്കാനായി വെള്ളത്തിലിറങ്ങാൻ ശ്രമിക്കുന്ന പെൺകുട്ടിയെ പിന്തിരിപ്പിക്കുകയാണ് നായ. വെള്ളത്തിൽ ഇറങ്ങാൻ പോകുന്ന കുട്ടിയുടെ ഉടുപ്പിൽ കടിച്ച് വലിച്ച് കരയിലേക്ക് തള്ളിയിടുകയാണ് നായ ചെയ്തത്. തുടർന്ന് നായ പുഴയുലേക്കിറങ്ങി പന്ത് കടിച്ചെടുത്ത് പെൺകുട്ടിക്ക് കൊടുക്കുന്നതും 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം.