നാഗ്പ്പൂര്‍: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. 64കാരനായ ചീഫ് ജസ്റ്റിസ് തന്‍റെ ജന്മനാടായ നാഗ്പ്പൂരില്‍ ഒരു സൂപ്പര്‍ ബൈക്കിന് മുകളില്‍ ഇരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം വൈറലായത്. ഹാര്‍ലി ഡേവിസന്‍റെ സിവിഒ 2020 ബൈക്കിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇരിക്കുന്നത്.

കഴിഞ്ഞ നവംബറില്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ പ്രധാന ന്യായാധിപനായി സ്ഥാനമേറ്റ ബോബ്ഡെ മുന്‍പും ബൈക്കുകളോട് തനിക്കുള്ള താല്‍പ്പര്യം തുറന്നുപറഞ്ഞിട്ടുണ്ട്. മുന്‍പ് ഒരു ബൈക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോള്‍ പരിക്കുപറ്റി ഏതാനും ദിവസങ്ങള്‍ ഇദ്ദേഹത്തിന് കോടതി നടപടികളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അനുഭവവും ഉണ്ട്.

അതേ സമയം ചീഫ് ജസ്റ്റിസ് ബൈക്കില്‍ ഇരിക്കുന്നത് കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയാണ് എന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. മാസ്ക് ധരിക്കാതെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നാണ് വിമര്‍ശനം. ഒപ്പം ഹെല്‍മറ്റ് വയ്ക്കാത്തതും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

സുപ്രധാന വിധികള്‍ നടത്തിയ ബോബ്ഡെ ഇപ്പോള്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് കേസുകള്‍ കേള്‍ക്കുന്നത്.