ദില്ലി: ആര്‍ട്ടിക്കിള്‍ 370ന് എതിരെ സമരം ചെയ്യുന്ന നരേന്ദ്രമോദിയുടെ പഴയകാല ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു.  ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്‍ രാജ്യസഭ പാസാക്കിയതിന് പിന്നാലെ ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

'370 റദ്ദാക്കൂ, തീവ്രവാദം അവസാനിപ്പിക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന ബാനറിന് മുന്നിലിരുന്ന് സമരം ചെയ്യുന്ന നരേന്ദ്രമോദിയുടെ പഴയകാല ചിത്രമാണ് പ്രചരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് ഈ അനുച്ഛേദം വന്ന അന്ന് മുതല്‍ ബിജെപിയുടെ ആവശ്യമായിരുന്നു. രണ്ടാം മോദി സര്‍ക്കാരിന്‍റെ പ്രകടനപത്രികയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അധികാരത്തിലേറി മാസങ്ങള്‍ക്കുള്ളില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദിസര്‍ക്കാരിനെ പ്രശംസിച്ചും മോദിയുടെ പഴയകാല ചിത്രം പങ്കുവച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.