Asianet News MalayalamAsianet News Malayalam

ആളൊഴിഞ്ഞ വീട്ടില്‍ താമസിച്ച് സിനിമാ സ്റ്റൈലില്‍ കത്തെഴുതി വെച്ചു; കള്ളനെ പിടിക്കാന്‍ പരക്കം പാഞ്ഞ് പൊലീസ്

'നിങ്ങള്‍ അടുത്ത പ്രാവശ്യം പോകുമ്പോള്‍ എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചേക്കണം.  ഇല്ലെങ്കില്‍ ഞാന്‍ ഇനിയും ഇവിടെ കയറും'

police searching thief motta jose write letter to house owner
Author
Kollam, First Published Jul 30, 2019, 11:39 AM IST

കൊല്ലം:  50 പവനും അരലക്ഷം രൂപയും അടിച്ചെടുത്ത കള്ളനെ തേടി പൊലീസ് പരക്കം പായുന്നതിനിടെ പൊലീസിനെ പറ്റിച്ച് ആളൊഴിഞ്ഞ വീട്ടില്‍ കള്ളന്‍റെ  സുഖവാസം. മൊട്ട ജോസ് എന്ന കുപ്രസിദ്ധ കള്ളനാണ് നാട്ടുകാരെയും വീട്ടുകാരെയും പൊലീസിനെയും പറ്റിച്ച് ആളൊഴി‌ഞ്ഞ വീട്ടില്‍ സുഖമായി താമസിച്ച് വീട്ടുകാര്‍ക്ക് കത്തും എഴുതിവെച്ച് രക്ഷപ്പെട്ടത്.

കഴിഞ്ഞ ദിവസം പരവൂരിലെ ദയാബ്ദ്ജി ജംഗ്ഷനിലെ അനിതാ ഭവനില്‍ നിന്നും 50 പവനും അരലക്ഷം രൂപയും മൊട്ട ജോസ് മോഷ്ടിച്ചിരുന്നു. കള്ളനെ തേടി പൊലീസ് പരക്കം പാഞ്ഞെങ്കിലും അയാളുടെ പൊടി പോലും ലഭിച്ചില്ല. മോഷണ രീതികളില്‍ നിന്നും കള്ളന്‍ മൊട്ട ജോസാണെന്ന് മനസിലാക്കി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തുവിട്ടു. എന്നാല്‍ മോഷണം നടന്ന വീട്ടില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം മാറി മറ്റൊരു വീട്ടില്‍ കള്ളന്‍ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്നതിന്‍റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കല്ലുകുന്ന് അനുഗ്രഹയിൽ ശ്രീകുമാറിന്‍റെ വീട്ടിലായിരുന്നു ജോസ് ഉണ്ടായിരുന്നത്.

റെയിൽവേ ഉദ്യോഗസ്ഥനായ ഇദ്ദേഹം ചെന്നൈയിലാണ് താമസിക്കുന്നത് അതിനാല്‍ വല്ലപ്പോഴും മാത്രമേ വീട്ടില്‍ വരാറുള്ളൂ. ഇതു മുതലെടുത്ത ജോസ് ഇവിടെ താമസിച്ച് മോഷണം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഈ വീട് വളഞ്ഞെങ്കിലും കള്ളന്‍റെ പൊടിപോലും ലഭിച്ചില്ല. പൊലീസെത്തുന്നതിനും മുമ്പ് വളരെ സമര്‍ത്ഥമായി ഇയാള്‍ രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു.

ശ്രീകുമാറിന്‍റെ വീടിനുള്ളില്‍ ഇയാള്‍ ആഴ്ചകളോളം താമസിച്ചതിന്‍റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീടിന്‍റെ ഉള്ളില്‍ നിന്നും ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളും ലഭിച്ചിട്ടുണ്ട്. ഏതായാലും വീട്ടുകാര്‍ക്കായി ഒരു കുറിപ്പു കൂടി എഴുതിവെച്ചാണ് കള്ളന്‍ ഈ വീട്ടില്‍ നിന്നും പോയത്. "നിങ്ങള്‍ അടുത്ത പ്രാവശ്യം പോകുമ്പോള്‍ എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചേക്കണം. ഇല്ലെങ്കില്‍ ഞാന്‍ ഇനിയും ഇവിടെ കയറും. നിങ്ങള്‍ വീടു പൂട്ടി പോ, ഗേറ്റ് പൂട്ടി പോ എന്ന് കള്ളന്‍ എന്നായിരുന്നു കുറിപ്പില്‍. ജോസിനെ ദിവസങ്ങളായി ഈ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഏതായാലും കള്ളനെ പിടിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് പൊലീസ്. 

Follow Us:
Download App:
  • android
  • ios