ജയ്പൂര്‍: രാജസ്ഥാനില്‍ പ്രീവെഡ്ഡിംഗ് ഷൂട്ടിംഗ് കൊണ്ട് പുലിവാലുപിടിച്ചിരിക്കുകയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍. ധന്‍പത് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വീഡിയോ മൂലം സീനിയര്‍ ഉദ്യോഗസ്ഥരുടെ പഴി കേള്‍ക്കേണ്ടി വന്നത്. ധന്‍പതിന്‍റെയും കിരണ്‍ എന്ന പെണ്‍കുട്ടിയുടേയും പ്രീ വെഡ്ഡിംഗ് വീഡിയോയാണ് പണികൊടുത്തത്. 

ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചെത്തിയ പെണ്‍കുട്ടിയെ( കിരണ്‍ ) യൂണിഫോമില്‍ ഡ്യൂട്ടിയിലുള്ള ധന്‍പത് തടയുന്നു. പെണ്‍കുട്ടി ധന്‍പതിന്‍റെ പോക്കറ്റില്‍ കൈക്കൂലിയായി പണം നല്‍കി കടന്നു പോകുന്നു. എന്നാല്‍ പിന്നീടാണ് തന്‍റെ പോക്കറ്റില്‍ കിടന്ന പെഴ്സുമായാണ് പെണ്‍കുട്ടി പോയതെന്ന കാര്യം പൊലീസുകാരന് മനസിലായത്. പിന്നീട് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതുമാണ് ദൃശ്യങ്ങളില്‍.

യൂണിഫോമിലുള്ള പൊലീസുകാരന്‍റെ പോക്കറ്റടിക്കുന്നതും കൈക്കൂലിപ്പണം നല്‍കുന്നതും ചിത്രീകരിച്ചതാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. ഇതിലൂടെ യുവാവ് പൊലീസ് യൂണിഫോം ദുരുപയോഗം ചെയ്തുവെന്നും ഡിപ്പാര്‍ട്ട്മെന്‍റിനെ അപമാനിച്ചുവെന്നുമാണ് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വാദം. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പൊലീസുകാരന് നോട്ടീസും നല്‍കിയിട്ടുണ്ട്. ഏതായാലും യൂണിഫോമില്‍ പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് ചെയ്യരുതെന്ന നിര്‍ദ്ദേശം എല്ലാവര്‍ക്കും നല്‍കിയതായി പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു