കൊൽക്കത്ത: സരസ്വതി പൂജ ചെയ്യുന്നതിനുവേണ്ടി പൂജാരിയെ നിർബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സ്ത്രീയുടെയും കുട്ടികളുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൊൽക്കത്തയിലെ ബഹാലയിലാണ് സംഭവം. വിദ്യാസമ്പത്തിനും അറിവിനും ഈശ്വരപ്രീതിക്കും വേണ്ടി സരസ്വതി പൂജയുടെ അന്ന് എല്ലാവരുടെയും വീടുകളിൽ പൂജാദികർമ്മങ്ങൾ നടത്തും. അന്നേദിവസം പൂജാരികൾക്കും വൻ ഡിമാന്റ് ആയിരിക്കും.

ക്ലബുകളും മറ്റ് സംഘടനകളും പൂജാരികളെ പൂജയ്ക്ക് വിളിക്കും. നല്ലൊരു തുക ​ദക്ഷിണയായി നൽ‌കുകയും ചെയ്യും. അങ്ങിനെ തിരക്കിട്ട് പൂജ ചെയ്യാൻ പോകുന്നതിനിടെയാണ് ഒരു പൂജാരി നാട്ടുകാരുടെ വലയിലാകുന്നത്. റോഡിൽവച്ച് കിട്ടിയ പൂജാരിയെ നാട്ടുകാരുടെ സഹായത്തോടെ സ്ത്രീയും കുട്ടികളും ചേർന്ന് കയ്യോടെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

തരുൺ ദാസ് എന്നയാളാണ് പൂജാരിയെ നിർബന്ധിച്ച് കൊണ്ടുപോകുന്ന സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. റോഡിൽവച്ച് സ്ത്രീയും കുട്ടികളും യുവാക്കളും ചേർന്ന് പൂജാരിയുടെ കൈപ്പിടിച്ച് വലിച്ച് നിർ‌ബന്ധിച്ച് പിടിച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വീട്ടിലെത്തിയ പൂജാരി പുറത്തുക്കടക്കാതിരിക്കാൻ കുട്ടികൾ വീടിനുപുറത്ത് കാവൽ നിൽക്കുന്നുമുണ്ട്.