തിരുവനന്തപുരം :  കഞ്ചാവ് കേസില്‍ പ്രതിയായ ഭര്‍ത്താവിനെ കാണുവാന്‍ ജയിലില്‍ എത്തിയ യുവതി മറ്റൊരു തടവുകാരനുമായി പ്രണയത്തിലായി ഒളിച്ചോടി. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം നടന്നത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനെത്തുമായിരുന്ന യുവതിയാണ്  ഇതേ ജയിലില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിന്‍റെ സുഹൃത്തിനൊപ്പം ജയില്‍ മോചിതനായ ശേഷം ഒളിച്ചോടിയത്. 

കഞ്ചാവ് കേസില്‍ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. ഇയാളെ സ്ഥിരമായി യുവതി സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ഒരിക്കല്‍ അവിടെ വച്ച് ഭര്‍ത്താവിന്‍റെ സുഹൃത്തും മൊബൈല്‍ പിടിച്ചുപറി കേസില്‍ തടവില്‍ കഴിയുകയുമായിരുന്ന പൂന്തുറ സ്വദേശിയെ ഭര്‍ത്താവ് തന്നെ യുവതിക്ക് പരിചയപ്പെടുത്തി. ഇരുവരും അടുത്തു. 
ഇയാള്‍ ജയില്‍ മോചിതനായശേഷം യുവതിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സമയം എല്ലാം യുവതിയുടെ ഭര്‍ത്താവ് ജയിലില്‍ തന്നെയായിരുന്നു. 

ഒടുവില്‍ പ്രണയം കലശലായപ്പോള്‍ ഇരുവരും നാടുവിട്ടു.വിവാഹിതയായ മകളെയും കുട്ടികളേയും കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് ഇവര്‍ ഒളിച്ചോടിയാണ് എന്ന കാര്യം പുറത്തുവരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച യുവതിയെയും മക്കളെയും യുവാവിനൊപ്പം പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കടയ്ക്കാവൂര്‍ പൊലീസ് കസ്റ്റഡിയില് എടുത്തു. 

നാടുവിട്ട ഇവര്‍ എറണാകുളം, കോയമ്ബത്തൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ മാറി മാറി യാത്ര ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പൊലീസ് ഇവരെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തുന്നത്. മക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന് ഒന്നര വയസ്സുള്ള കുഞ്ഞിനെ യുവതിയോടൊപ്പവും മൂത്തമകളെ യുവതിയുടെ അമ്മയോടൊപ്പവും വിട്ടു.