ദില്ലി: വ്യത്യസ്തമായ നിലപാടുകൊണ്ട് എന്നും വാര്‍ത്തകളില്‍ ഇടം നേടുന്ന താരമാണ് പ്രിയങ്കാ ചോപ്ര. ഇത്തവണ പാകിസ്ഥാനി യുവതിയുടെ ചോദ്യത്തിന് പ്രിയങ്കാ ചോപ്ര നല്‍കിയ മറുപടിയാണ് വാര്‍ത്തയായത്. അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ നടന്ന ബ്യൂട്ടികോണ്‍ ഫെസ്റ്റിവലിനിടെയായിരുന്നു സംഭവം. 

പ്രേക്ഷകയായ പാകിസ്ഥാനി യുവതിയാണ് പ്രിയങ്കയോട് ചോദ്യം ചോദിച്ചത്. 'നിങ്ങള്‍ യുഎന്നിന്‍റെ സമാധാന ഗുഡ്വില്‍ അംബാസഡറാണ്. എന്നാല്‍, പാകിസ്ഥാനില്‍ ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്തത്. ഇത് ശരിയായ വഴിയല്ല. എന്നെപ്പോലെ ധാരാളം പാകിസ്ഥാനികള്‍ നിങ്ങളെ അഭിനേത്രി എന്ന നിലയില്‍ ഇഷ്ടപ്പെടുന്നുണ്ട്'.-യുവതി പ്രിയങ്കയോട് ചോദിച്ചു.  

ഫെബ്രുവരിയില്‍ ഇന്ത്യ നടത്തിയ ബാലാകോട്ട് ആക്രമണത്തെ പിന്തുണച്ച് പ്രിയങ്കയുടെ ട്വീറ്റിനെ വിമര്‍ശിച്ചായിരുന്നു യുവതിയുടെ ചോദ്യം. 
എന്നാല്‍, ചോദ്യത്തിന് വളരെ പക്വമായിട്ടാണ് പ്രിയങ്ക ഉത്തരം പറഞ്ഞത്. 'എനിക്ക് പാകിസ്ഥാനില്‍ നിരവധി സുഹൃത്തുക്കളുണ്ട്. ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല ഞാന്‍. പക്ഷേ രാജ്യസ്നേഹിയാണ്. എന്‍റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു. നമ്മളിവിടെ സ്നേഹിക്കാനാണ് ഒത്തുകൂടിയത്. ഇക്കാര്യം ചോദിക്കാന്‍ നിങ്ങള്‍ ക്രുദ്ധയാകേണ്ട കാര്യമില്ല.' പ്രിയങ്ക പെണ്‍കുട്ടിയോട് പറഞ്ഞു.

പ്രിയങ്കയുടെ മറുപടിയും സോഷ്യല്‍മീഡിയയില്‍ വൈറലായി. വളരെ പക്വമായിട്ടാണ് പ്രിയങ്കാ ചോപ്ര പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയതെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.