ക്യാമ്പസില്‍ വലിയ ചര്‍ച്ചയായതിന് പുറമെ സാരി ധരിച്ച് എത്തിയവരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുമുണ്ട്

പൂനെ: ലോകം മുഴുവന്‍ ലിംഗ സമത്വത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. സ്ത്രീ- പുരുഷ സമത്വത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ വഴി തുറന്നിരിക്കുന്നത്. നടിമാര്‍, രാഷ്ട്രീയത്തിലുള്ള വനിതകള്‍, കായിക താരങ്ങളായ വനിതകള്‍ , വീട്ടമ്മമാര്‍ എന്നിങ്ങനെ സമൂഹത്തിന്‍റെ വ്യത്യസ്ത തലങ്ങളില്‍ ഉള്ളവര്‍ ലിംഗ സമത്വത്തിന് വേണ്ടി നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുന്നു.

ഈ ലക്ഷ്യം അധികം വൈകാതെ കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം. എന്നാല്‍, ഇപ്പോള്‍ പൂനെ ഫെര്‍ഗൂസന്‍ കോളജിലെ ആണ്‍കുട്ടികള്‍ ഈ വിഷയത്തില്‍ ഒരു വലിയ സന്ദേശമാണ് വ്യത്യസ്തമായ മാര്‍ഗത്തിലൂടെ നല്‍കിയിരിക്കുന്നത്. 'ടൈ ആന്‍ഡ് സാരീ ഡേ' എന്ന പേരില്‍ നടന്ന ചടങ്ങില്‍ ആണ്‍കുട്ടികള്‍ സാരി ധരിച്ചാണ് എത്തിയത്.

Scroll to load tweet…

മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് പല നിറങ്ങിലുള്ള സാരി അണിഞ്ഞ് കോളജില്‍ എത്തിയത്. ക്യാമ്പസില്‍ വലിയ ചര്‍ച്ചയായതിന് പുറമെ സാരി ധരിച്ച് എത്തിയവരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുമുണ്ട്. ആകാശ് പവാര്‍, സുമിത് ഹോണ്‍വാഡ്കര്‍, റുഷികേഷ് സനപ് എന്നിവരാണ് സാരി അണിഞ്ഞ് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തായ ശ്രദ്ധ ദേശ്പാണ്ഡെയുടെ സഹായത്തോടെയാണ് സാരി ഉടുത്തതെന്നും വലിയ ബുദ്ധിമുട്ടായിരുന്നു ഇതുടക്കാനുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.