ലണ്ടന്‍: പതിവ് സന്ദര്‍ശനത്തിനെത്തിയ എലിസബത്ത് രാജ്ഞിയെ 'അകത്ത് കയറ്റാതെ' ഗേറ്റ് അടച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. ലണ്ടനിലെ വിന്‍സ്ഡോര്‍ കൊട്ടാരത്തിലാണ് സംഭവം. വ്യാഴാഴ്ച പരിചാരകരൊപ്പം പുറത്ത് പോയ ശേഷം തിരിച്ച് വരുമ്പോഴാണ് സംഭവം. വിന്‍സ്ഡോര്‍ കൊട്ടാരത്തില്‍ നെല്‍സണ്‍ ഗേറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. മുപ്പത് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നാണ് സൂചന. 

സുരക്ഷാ ചുമതലയിലുള്ള വ്യക്തിയുടെ അസാന്നിധ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് നിരീക്ഷണം. രണ്ട് റേഞ്ച് റോവര്‍ വാഹനങ്ങളിലായി ആയിരുന്നു രാജ്ഞിയും പരിവാരങ്ങളും എത്തിയത്. സാധാരണ നിലയില്‍ ഗേറ്റിന് സമീപം വാഹനം എത്തുമ്പോള്‍ തുറക്കുകയാണ് പതിവ്. ഓട്ടോമാറ്റിക്ക് സാങ്കേതികത്വത്തിലൂടെയാണ് ഇത് നടക്കുന്നത്. എന്നാല്‍ വ്യാഴാഴ്ച ഗേറ്റിന് പുറത്ത് കാറില്‍ കാത്ത് നില്‍ക്കേണ്ടി വന്നു രാജ്ഞിക്ക്. 

കാറിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ പോയി പരിശ്രമിച്ചു. ഗേറ്റിന് അടുത്തെത്തി കാലുകൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥ ഗേറ്റില്‍ തട്ടുന്ന ചിത്രങ്ങളും പുറത്ത് വന്നു.ഇത് ഫലംകാണാതെ വന്നതോടെ കാറുകള്‍ യുടേണ്‍ എടുത്ത് തിരിച്ച് പോയി വീണ്ടും ഗേറ്റിന് അടുത്തെത്തിയപ്പോഴാണ് സംവിധാനം പ്രവര്‍ത്തിച്ചത്.

കാറിനുള്ളില്‍ തലയില്‍ സ്കാര്‍ഫ് ധരിച്ച് ഗേറ്റ് തുറന്ന് കിട്ടാന്‍ വേണ്ടി കാത്ത് നില്‍ക്കുന്ന രാജ്ഞിയുടെ ചിത്രങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായി. രാജ്ഞിയുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് വിന്‍സ്ഡോര്‍ കൊട്ടാരം. സാധാരണ വ്യാഴാഴ്ചകളില്‍ ഇവിടെയെത്തുന്ന രാജ്ഞി ചൊവ്വാഴ്ചയാണ് മടങ്ങാറ്.