മിഷിഗണ്‍: റെസ്റ്റോറന്‍റിലെ അടുക്കളയില്‍ സിങ്ക് ഉപയോഗിക്കുന്നത് എന്തിനാണ് ? ഇതിലെന്താണ് ഇത്ര ചോദിക്കാന്‍ എന്നുകരുതുന്നുണ്ടാകും. എന്നാലുണ്ട്. എല്ലാവരും പാത്രവും ആഹാരസാധനങ്ങളും കഴുകാനാണ ഉപയോഗിക്കുന്നതെങ്കില്‍ ഇവിടെ ഒരാള്‍ അടുക്കളയിലെ സിങ്കില്‍ കുളിക്കുകയാണ്. 

കുളിയുടെ വീടിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അമേരിക്കയിലെ മിഷിഗണിലെ വെന്‍റീ റെസ്റ്റോറന്‍റിലെ ജോലിക്കാരാനാണ് ആ 'വൈറല്‍ മാന്‍'. കോണര്‍ സമ്മര്‍ഫീല്‍ഡ് എന്നയാളാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

 ''ഞാന്‍ എല്ലാവരോടും ഇപ്പോള്‍ ഒരു കാര്യം പറയുവാന്‍ ആഗ്രഹിക്കുകയാണ്...  ഗ്രീന്‍ വില്ലെ വെന്‍ഡീസില്‍ പോകരുത്. ഇത് അറപ്പുളവാക്കുന്നതാണ്.'' - അയാള്‍ വീഡിയോക്കൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു. 

ആദ്യം ടിക്ടോക്കില്‍ പ്രചരിച്ച വീഡിയോ പിന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. റെസ്റ്റോറന്‍റിലെ അടുക്കളയിലെ വലിയ സിങ്കില്‍ ഒരാള്‍ കുളിക്കുന്നു. വെന്‍റീസിന്‍റെ യൂണിഫോം ധരിച്ച മറ്റൊരാള്‍ സിങ്കിലേക്ക് എന്തോ വലിച്ചെറിഞ്ഞ് 'സ്വയം കുളിക്കൂ' എന്ന് പറയുകയും ചെയ്യുന്നുണ്ട് വീഡിയോയില്‍. 

''ഇതൊരു ഹോട്ട് ടബ് ആയാണ് തോനുന്നത്'' എന്ന് സോപ്പുപതയില്‍ കിടന്നുകൊണ്ട് അയാള്‍ മറുപടി നല്‍കുന്നു. ഞാന്‍ ജീവിതം ആസ്വദിക്കയാണ് എന്നുമാണ്  കുളിക്കുന്നയാള്‍ ആവര്‍ത്തിക്കുന്നത്. പശ്ചാത്തലത്തില്‍ മറ്റുള്ളവര്‍ ചിരിക്കുന്നത് കേള്‍ക്കാം. വീഡിയോ വൈറലായതോടെ ആളുകള്‍ റസ്റ്റോറന്‍റിന്‍റെ വൃത്തിയെ ചോദ്യം ചെയ്ത് രംഗത്തെത്തി.