ഭോപ്പാല്‍: മനുഷ്യരുടെയും പാമ്പുകളുടെയും ആനകളുടെയുമെല്ലാം നിറം പിടിപ്പിച്ച പ്രതികാര കഥകള്‍ നാം കേട്ടിട്ടുണ്ട്. പല കഥകളും യാഥ്യാര്‍ഥ്യവുമായി ബന്ധമില്ലാത്തവയാണെങ്കിലും ഇന്നും പ്രചാരത്തിലുണ്ട്. എന്നാല്‍, ഈ കഥ കുറച്ച് വ്യത്യസ്തമാണ്. ഇവിടെ കാക്കകളാണ് പ്രതികാരത്തിനിറങ്ങിയത്. ഇരയായതാകട്ടെ ഒരു യുവാവും. കാക്കകളുടെ പ്രതികാര ദാഹത്തില്‍ ഈ യുവാവ് സമാധാനമായി കിടന്നുറങ്ങിയിട്ട് മൂന്ന് വര്‍ഷമാകുന്നു. പുറത്തിറങ്ങാന്‍ കാക്കകള്‍ സമ്മതിക്കില്ല. കൂട്ടമായി പറന്നെത്തി ആക്രമണം തുടങ്ങും. പലപ്പോഴും ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മധ്യപ്രദേശിലെ ശിവപുരിയിലെ സുമേല ഗ്രാമത്തില്‍ താമസിക്കുന്ന ശിവ കേവാത് എന്ന യുവാവാണ് കാക്കകളുടെ ഇര. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ കാക്കകളുടെ ആക്രമണം സഹിച്ച് ജീവിക്കുന്നു. എന്തിനാണ് തന്നെ മാത്രം കാക്കകള്‍ ഇങ്ങനെ ആക്രമിക്കുന്നുവെന്ന് ചോദിച്ചാല്‍ അതിന് പിന്നിലൊരു കഥയുണ്ട്.
സംഭവം മൂന്ന് വര്‍ഷം മുമ്പാണ്. ശിവ നടന്നുപോകുന്ന സമയത്ത് പരിക്കേറ്റ് അവശനിലയിലായ കാക്കകുഞ്ഞ് നിലത്ത് വീണുകിടക്കുന്നത് കണ്ടു. അലിവ് തോന്നിയ ശിവ കാക്കകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍ കാക്കകുഞ്ഞ് ശിവയുടെ കൈയില്‍ കിടന്ന് ചത്തു.

കാക്കകള്‍ വിചാരിച്ചത് നേരെ മറിച്ചാണ്. ശിവയാണ് തങ്ങളുടെ കുഞ്ഞിനെ കൊന്നതെന്ന് ധരിച്ച് കാക്കകള്‍ ആക്രമിക്കാന്‍ തുടങ്ങി. ഒന്നോ രണ്ടോ തവണ ആക്രമണമുണ്ടായപ്പോള്‍ കാര്യമാക്കിയില്ല. എന്നാല്‍, ആക്രമണം തുടര്‍ക്കഥയായി. ഇപ്പോള്‍ ചായക്കടയിലേക്ക് പോകുമ്പോള്‍ പോലും വടിയും കൈയില്‍ കരുതിയാണ് ശിവ പുറത്തിറങ്ങുക. എന്നാലും കാക്കകള്‍ ആക്രമിക്കുമെന്ന് ഇയാള്‍ പറയുന്നു. സംഭവം അറിഞ്ഞ് പ്രാദേശിക മാധ്യമങ്ങള്‍ മുതല്‍ ദേശീയ മാധ്യമങ്ങള്‍ വരെ ശിവയുടെ കഥ വാര്‍ത്തയാക്കി. 

പക്ഷികളില്‍ ബുദ്ധികൂര്‍മത കൂടുതലുള്ളവയാണ് കാക്കകളെന്ന് പ്രൊഫസര്‍ അശോക് കുമാര്‍ മുഞ്ജാല്‍ പറഞ്ഞു. അവരെ ഉപദ്രവിച്ചവരെ ഓര്‍ത്ത് വെക്കാനുള്ള കഴിവ് കാക്കകള്‍ക്ക് കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണില്‍ നടന്ന ഒന്നിലധികം പഠനങ്ങളില്‍ ഉപദ്രവിച്ച മനുഷ്യരുടെ മുഖം ഓര്‍ത്തുവെക്കാന്‍ കാക്കകള്‍ക്ക് കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു.