Asianet News MalayalamAsianet News Malayalam

'മൊബൈല്‍ ടവര്‍ റേഡിയേഷനുണ്ടാക്കും': പ്രതിഷേധത്തില്‍ എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ്

പാപ്പനംകോട് ശ്രീ ചിത്തിരതിരുന്നാള്‍ എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ യൂണിറ്റാണ് കോളേജിന് സമീപമുള്ള എയര്‍ടെല്ലിന്‍റെ ടവറിനെതിരെ രംഗത്ത് എത്തിയത്. 

sct si unit facebook post against mobile tower gone viral
Author
Kerala, First Published Jul 27, 2019, 2:58 PM IST

തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിന് സമീപം സ്ഥാപിച്ച മൊബൈല്‍ ടവറിനെതിരെ കോളേജ് എസ്എഫ്ഐ യൂണിറ്റ് രംഗത്ത്. തിരുവനന്തപുരം പാപ്പനംകോട് ശ്രീ ചിത്തിരതിരുന്നാള്‍ എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ യൂണിറ്റാണ് കോളേജിന് സമീപമുള്ള എയര്‍ടെല്ലിന്‍റെ ടവറിനെതിരെ രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച് കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയിട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ തന്നെ മൊബൈല്‍ റേഡിയേഷന്‍ സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ നീക്കം നടത്തുന്നു എന്ന രീതിയിലാണ് കമന്‍റുകള്‍ ഏറെയും.

എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ പോസ്റ്റിലെ കാര്യങ്ങള്‍ ഇങ്ങനെയാണ്, വിദ്യാർത്ഥികൾ പരിശീലന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന നമ്മുടെ ക്യാമ്പസിന്‍റെ ക്രിക്കറ്റ് നെറ്റ്സിന് സമീപമായി ഭാരതി എയർടെൽ നെറ്റ്‌വർക്കിന്‍റെ ഒരു ടവർ കഴിഞ്ഞ ദിവസം ശ്രദ്ധയിൽ പെട്ടിരുന്നു. ടെലികോം ഡിപ്പാർട്ട്മെന്റിന്‍റെ സർവെയിൽ ഏറ്റവും അധികം റേഡിയേഷൻ പുറപ്പെടുവിക്കുന്ന നെറ്റ് വർക്ക് എന്ന് പേര് കേട്ട ഭാരതീയ എയർടെൽ നെറ്റ് വർക്ക് SCT യുടെ മണ്ണിൽ സ്ഥാപിക്കുന്നത് വളരെയധികം ഭീതിയോടെയാണ് എസ്എഫ്ഐ നോക്കി കാണുന്നത്. നിലവിലെ തർക്ക ഭൂമിയിൽ ആണ് ടവർ സ്ഥാപിച്ചിരിക്കുന്നത് എങ്കിലും ഇതിലെ ഹൈ റേഡിയോ വേവ് അല്ലെങ്കിൽ മൈക്രോ വേവിന് നമ്മുടെ ക്യാമ്പസിനെ മൊത്തം നശിപ്പിയ്ക്കാൻ പോന്ന പ്രാപ്തി ഉണ്ടോ എന്നതിൽ SFI SCT UNIT ആശങ്കയോടെ ആണ് കാണുന്നത്. 

ഇത്തരത്തിൽ ടവർ പ്രവർത്തനം ആരംഭിച്ചാൽ 2000-ൽ അധികം വിദ്യാർത്ഥികളെയും അധ്യാപകരെയും ഓരോ ജീവ-ജന്തുജാലകങ്ങളേയും ആരോഗ്യപരമായി ഇത് വളരെ മോശമായ രീതിയിൽ ബാധിക്കും. വിദ്യാർത്ഥികളുടെ സംരക്ഷണം പ്രിൻസിപ്പാളിന്‍റെയും കോളേജിന്‍റെയും കടമയായിരിക്കവെ വിദഗ്ത സമിതിയെ നിയമിച്ച് ഇതിലെ ശാസ്ത്രീയ വശങ്ങൾ പഠിച്ച് ക്യാമ്പസിന് വിപത്താണെങ്കിൽ ഇത് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് SFI SCT UNIT ശക്തമായി പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടു. 

SCT എന്ന നമ്മുടെ സ്വർഗ്ഗത്തെ നശിപ്പിക്കുന്ന ഏത് തീരുമാനത്തെയും SFI ശക്തമായി എതിർക്കുന്നതാണ്. ഓഗസ്റ്റ് 5 റെഗുലർ ക്ലാസുകൾ തുടങ്ങാൻ ഇരിക്കുന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധിയെ മറികടക്കാൻ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും സ്വീകരിച്ചില്ലെങ്കിൽ ക്ലാസുകൾ തുടങ്ങുന്ന ദിവസം ക്യാമ്പസിലെ മുഴുവൻ ക്ലാസുകളും അടച്ചിട്ട് SFI SCT UNIT വിദ്യാർത്ഥി പ്രതിരോധം തീർക്കുമെന്നും, ഈ പ്രതികൂല സാഹചര്യം തരണം ചെയ്യാൻ കോളേജ് അധിക്യതർക്ക് കഴിയാത്തപക്ഷം വിദ്യാർത്ഥികളുടെ സംരക്ഷണം ഉറപ്പു വരുത്തി ക്യാമ്പസ് അനശ്ചിതകാലത്തേയ്ക്ക് അടച്ചിടുന്ന രീതിയിലുള്ള പ്രക്ഷോഭ പരിപാടിയുമായി SFI SCT UNIT മുൻപോട്ട് പോകുമെന്നും അറിയിച്ചു. 

ഇത്തരത്തില്‍ എഴുതിയ പോസ്റ്റിന് ഒപ്പം എസ്എഫ്ഐ യൂണിറ്റിന്‍റെ ലെറ്റര്‍പാഡില്‍ പ്രിന്‍സിപ്പാളിന് എഴുതിയ കത്തും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ വലിയ തോതിലുള്ള കമന്‍റാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. ഇത് പ്രകാരം എ‌‌ഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ തന്നെ ഇങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടാലോ എന്ന രീതിയിലാണ്. ചിലര്‍ മൊബൈല്‍ ടവറുകളുടെ റേഡിയേഷന്‍ സംബന്ധിച്ച ശാസ്ത്രീയ വശങ്ങള്‍ പോസ്റ്റിനടിയില്‍ വിവരിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റില്‍ നിന്നും പിന്നോട്ട് പോകാന്‍ കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി തയ്യാറാകുന്നില്ല എന്നതാണ് ഇതിനെല്ലാം ഇട്ട മറുപടി കമന്‍റ്. ഇതില്‍ എസ്എഫ്ഐ യൂണിറ്റ് ഇങ്ങനെ പറയുന്നു.

വിദ്യാർത്ഥികളുടെ ഭീതി അകറ്റുക എന്നതാണ് പ്രധാനം. ഒരു വിദഗ്ധ സമിതിയെ ഏൽപ്പിച്ച് ഒരു ശാസ്ത്രീയപഠനം നടത്തി വിപത്തല്ലാ എങ്കിൽ അത് വിദ്യാർത്ഥികളെ പറഞ്ഞ് മനസ്സിലാക്കേണ്ട ചുമതല കോളേജ് അധികൃതർക്ക് ഉണ്ട്. അതിന് നിലവിൽ അവർ ശ്രമിക്കാത്ത പക്ഷം ആശങ്ക അകലുന്നില്ല. - ഇതിന് അടിയിലും വലിയ തോതില്‍ കമന്‍റ് യുദ്ധമാണ് നടക്കുന്നത്.
 

Follow Us:
Download App:
  • android
  • ios