ഹൈദരാബാദ്: ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ പുതിയതായി തുറന്ന ഫ്ലൈഓവറിലെ അപകട ദൃശ്യത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. അമിതവേഗതയില്‍ എത്തിയ കാര്‍ ഫ്ലൈഓവറിന്‍റെ കൈവരിയും തകര്‍ത്ത് താഴേക്ക് പതിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. അപകടത്തില്‍ കാര്‍ ശരീരത്തിലേക്ക് വീണ് യുവതി മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മൂന്ന് വീഡിയോകളാണ് സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചത്.

ചുവന്ന കാര്‍ അമിതവേഗതയില്‍ ഫ്ലൈഓവറിലേക്ക് എത്തുകയും പിന്നീട് ചെറിയ വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി, കൈവരികള്‍ തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. ഏറ്റവും തിരക്കേറിയ ഭാഗത്താണ് അപകടമുണ്ടായത്. എയര്‍ബാഗ് ഉപയോഗിച്ചതിനാല്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. മിലന്‍ എന്നയാളാണ് കാര്‍ ഓടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.