വയനാട്: കല്‍പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍റെ ലളിതമായ ജീവിത ശൈലി തെരഞ്ഞെടുപ്പ് കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. നഗ്‌നപാദനായി, പശുവിനെ കറന്ന് പാല്‍ അളന്ന് ജീവിക്കുന്ന സാധാരണക്കാരനായ സ്ഥാനാര്‍ത്ഥി എന്ന ശശീന്ദ്രന്റെ ഇമേജ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ വാര്‍ത്തയായി. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ സിറ്റിംഗ് എംഎല്‍എ ശ്രേയംസ്കുമാറിനെ സിപിഎം സ്ഥാനാര്‍ത്ഥിയായ സികെ ശശീന്ദ്രന്‍ പരാജയപ്പെടുത്തി. ജയിച്ച് എംഎല്‍എയായിട്ടും കല്‍പ്പറ്റക്കാരുടെ ശശിയേട്ടന് മാറ്റമില്ല, ജോലികഴിഞ്ഞ് വൈകിട്ട് അരിയും വാങ്ങി അത് കയ്യില്‍ പിടിച്ച് വീട്ടിലേക്ക് മടങ്ങുന്ന എംഎല്‍എയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തകനായ ഷെഫീക് താമരശ്ശേരി പകര്‍ത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം സത്യപ്രതിജ്ഞ ചെയ്യാനായി വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയാണ് ശശീന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയത്. ഓട്ടോയിലും ബസിലും സഞ്ചരിച്ച് സാധാരണക്കാരില്‍ സാധാരണക്കാരനായി നടക്കുന്ന ശശീന്ദ്രന്റെ ലളിത ജീവിതം പല തവണ വാര്‍ത്തയായിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശ്രേയാംസ്‌കുമാറിനെ 13,083 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശശീന്ദ്രന്‍ എം എല്‍ എ പദവിയിലേക്കെത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് സോഷ്യല്‍ മീഡിയ വളരെ ശക്തമായി ശശീന്ദ്രനുവേണ്ടി രംഗത്തെത്തിയിരുന്നു. മണ്ഡലത്തിനു പുറത്തുള്ളവര്‍പോലും ശശീന്ദ്രനുവേണ്ടി സോഷ്യല്‍ മീഡിയകളില്‍ സജീവമായി രംഗത്തെത്തിയിരുന്നു.