ഒരാൾ മറ്റൊരാളുടെ ചുമലിൽ ഇരുന്നുകൊണ്ടാണ് തിരക്കുള്ള ട്രാഫിക്കിൽ സ്കൂട്ടറിൽ ആറ് പേർ യാത്ര ചെയ്യുന്നത്.
മുംബൈ: ട്രാഫിക് നിയമം ശക്തമാണെങ്കിലും ഇന്ത്യയിലെ റോഡുകളിൽ നിയമലംഘനങ്ങളും ഏറെയാണ് നടക്കുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വീഡിയോ ഇത് ശരി വയ്ക്കുകയാണ്. ആറ് പേർ ഒരു സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോയാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ഒരാൾ മറ്റൊരാളുടെ ചുമലിൽ ഇരുന്നുകൊണ്ടാണ് തിരക്കുള്ള ട്രാഫിക്കിൽ സ്കൂട്ടറിൽ ആറ് പേർ യാത്ര ചെയ്യുന്നത്.
മുംബൈയിലെ ട്രാഫിക്കിൽ നിന്ന് പകർത്തിയ വീഡിയോ രമൺദീപ് സിംഗ് ഹോറ എന്ന ട്വിറ്റർ ഹാന്റിലിൽ നിന്നാണ് ഷെയർ ചെയ്തിരിക്കുന്നത്. ഇദ്ദേഹം മുംബൈ പൊലീസിനെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. സ്റ്റാർ ബസാർ അന്ധേരി വെസ്റ്റിന് സമീപത്തുനിന്നാണ് വീഡിയോ പകർത്തിയത്. സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ മുംബൈ പൊലീസ് ഇദ്ദേഹത്തിൽ നിന്ന് ചോദിച്ചറിഞ്ഞു.
ഒരു സ്കൂട്ടറിൽ ആറ് പേരെങ്കിൽ അവർക്കൊരു കാർ ഉണ്ടായിരുന്നെങ്കിലോ എന്നാണ് ട്വീറ്റിന് താഴെ പ്രത്യക്ഷപ്പെട്ട നിരവധി കമന്റുകളിലൊന്ന്. ഇവരെ വിമർശിച്ചും പരിഹസിച്ചും നിരവധി കമന്റുകൾ ട്വീറ്റിന് താഴെ പോസ്റ്റ് ചെയ്യുന്നുണ്ട്. ടാറ്റാ മോട്ടോഴ്സിന് ഒത്ത എതിരാളിയാണ് സ്കൂട്ടറെന്ന് വാഹനത്തിന്റെ കമ്പനിയായ ഹോണ്ടയെ ടാഗ് ചെയ്ത് മറ്റൊരാൾ കമന്റ് ചെയ്തു.
